Connect with us

Wayanad

പ്രശംസ പിടിച്ചു പറ്റി സംഘാടനം

Published

|

Last Updated

മാനന്തവാടി: കളിക്കളത്തില്‍ കായിക പ്രതിഭകള്‍ മിന്നിതിളങ്ങുമ്പോള്‍ കളത്തിന് പുറത്ത് അധ്യാപകരും വിദ്യാര്‍ഥകളുമടങ്ങുന്ന ഒരു കൂട്ടമാളുകള്‍ തിരക്കിലാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളക്ക് ആവശ്യമായ സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നല്‍കുകയാണ് ഇവരുടെ ലക്ഷ്യം.
പ്രോഗ്രാം കമ്മറ്റിക്കാര്‍, മാനന്തവാടി ജനമൈത്രി പോലീസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, സൗഹൃദ ക്ലബ്ബ് ഭാരവാഹികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കായിക ഒഫീഷ്യല്‍സ്, അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങി എല്ലാവരും കായികമേള മികവുറ്റതാക്കാനുള്ള ഒരുക്കത്തിലാണ്. മത്സരഫലങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, പോയിന്റ്‌നില എന്നിവ വിരല്‍ തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ പത്തോളം കായികാദ്ധ്യാപകര്‍ പ്രോഗ്രാം കമ്മറ്റി ഓഫീസില്‍ സജീവമാണ്.
ഓറഞ്ചിന്റെ മാധുര്യം പകര്‍ന്നും ദാഹിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കിയും “തണ്ണീര്‍ പന്തല്‍” സ്‌കൂള്‍ അങ്കണത്തില്‍ തയ്യാറായി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. കായികതാരത്തിന് ഓറഞ്ചും വെള്ളവും നല്‍കി തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൂടിന്റെ കാഠിന്യം അറിയാതിരിക്കാന്‍ ഗ്രൗണ്ടില്‍ കുടിവെള്ള കമ്മറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാണ്. താരങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍വ്വാധികം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപകരും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സും ട്രാക്കിലെ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നു.
ഇവര്‍ക്കെല്ലാം സ്വാദൂറുന്ന ഭക്ഷണം വിളമ്പാന്‍ ഊട്ടുപുരയില്‍ തിരക്കിട്ട ഒരുക്കങ്ങളാണ്. ഭക്ഷണശാലയിലെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ബാലകൃഷ്ണനും മോഹനനും വിതരണം ചെയ്യാന്‍ സത്യന്‍ മാസ്റ്ററും കുട്ടികളും അധ്യാപകരുമുണ്ട്. ഇന്നലെ പാല്‍പായസം അടങ്ങിയ സദ്യയും ഇന്ന് നോണ്‍വെജ് വിഭവങ്ങളും സ്‌പെഷ്യലായുണ്ട്. മേളക്ക് മാറ്റ് കൂട്ടാന്‍ പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും കായികപ്രേമികളുടെയും സാന്നിദ്ധ്യവും ശ്രദ്ധേയമാണ്.

Latest