Connect with us

Malappuram

മീനാര്‍കുഴി എല്‍ പി സ്‌കൂളിന് പറയാനുള്ളത് ദുരിതത്തിന്റെ പാഠങ്ങള്‍

Published

|

Last Updated

മീനാര്‍കുഴി എല്‍ പി സ്‌കൂളിന് പറയാനുള്ളത് ദുരിതത്തിന്റെ പാഠങ്ങള്‍. അസൗകര്യങ്ങളില്‍ വീപ്പ് മുട്ടി കഴിയുകയാണ് കുറുവ ഗ്രാമപഞ്ചായത്തിലെ മീനാര്‍കുഴി സ്‌കൂള്‍. സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയമാണിത്. സ്വന്തം കെട്ടിടമെന്നത് സ്വപ്‌നം മാത്രമായ സ്‌കൂള്‍ 50 വര്‍ഷമായി വാടക കെട്ടിടത്തില്‍ ഞെരുങ്ങി കഴിയുകയാണ്.
102 വിദ്യാര്‍ഥികളും നാലു അധ്യാപകരും പ്രധാനധ്യാപികയും ഒരു പാര്‍ട് ടൈം സ്വീപ്പറുമുള്ള സ്‌കൂളിന്റെ ക്ലാസ് മുറികളുടെ തറ പൊളിഞ്ഞ് കുഴികളായിരിക്കുകയാണ്. ചെറിയ മറകള്‍ കൊണ്ടാണ് ക്ലാസ് വേര്‍ത്തിരിച്ചിരിക്കുന്നത്. ഇടുങ്ങിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കളിക്കാന്‍ വിശാലമായ സ്ഥലമില്ല. 1931ല്‍ കുറുവ പഞ്ചായത്തിലെ നെരപ്പ് എന്ന സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 1964ല്‍ മുല്ലപ്പള്ളി മുഹമ്മദ് ഹാജി നിര്‍മിച്ചു നല്‍കിയ വാടക കെട്ടിടത്തിലാണ് ഇപ്പോഴും ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ വഴി ലഭിക്കുന്ന ഫണ്ട് സ്‌കൂളിന് ലഭിക്കുന്നില്ല. മങ്കട മണ്ഡലം വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാനങ്ങള്‍ കൈവരിച്ച് വന്‍ മുന്നേറ്റത്തിനൊരുങ്ങുമ്പോള്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാതെ വിദ്യ നുകരാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഈ സ്‌കൂളിലെ കുരുന്നുകള്‍.
സ്‌കൂളിന് സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റി ഉണ്ടാക്കുകയും പൊതു ജനങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ സ്വരൂപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമാവാത്തതിനാല്‍ അത് നടക്കാതെ പോവുകയായിരുന്നു. ആവശ്യമായ സ്ഥലം കണ്ടെത്തി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.