പണിമുടക്ക്; ബേങ്കുകള്‍ സ്തംഭിച്ചു

Posted on: November 13, 2014 10:03 am | Last updated: November 13, 2014 at 10:03 am

മലപ്പുറം: കാലാവധി അവസാനിച്ച സേവന-വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബേങ്ക് യൂനിയന്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്ത് ലക്ഷത്തോളം ബേങ്ക് ജീവനക്കാരും ഓഫീസര്‍മാരും നടത്തിയ ദേശവ്യാപക സൂചനാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. ഇത് ജില്ലയിലെ ബേങ്കിംഗ് മേഖലയെ ബാധിച്ചു.
മാനേജര്‍മാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു. ഇതോടെ ബേങ്കുകള്‍ മിക്കതും അടഞ്ഞു കിടന്നു. സഹകരണ ബേങ്കുകളെയും സ്വകാര്യ ബേങ്കുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജില്ലയിലെ 16 ക്ലിയറിംഗ് ഹൗസുകളും പ്രവര്‍ത്തിച്ചില്ല. പത്ത് കോടിയോളം രൂപയുടെ ചെക്കുകള്‍ കെട്ടിക്കിടന്നു. സമരമറിയാതെ ഇടപാടുകള്‍ക്കായി ബേങ്കുകളില്‍ എത്തിയവര്‍ നിരാശരായി മടങ്ങി. പണിമുടക്കിയ പ്രവര്‍ത്തകര്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
മലപ്പുറത്ത് കോട്ടപ്പടി ടൗണില്‍ നടന്ന റാലിക്ക് യു എഫ് ബി യു കണ്‍വീനര്‍ ബി കെ പ്രദീപ്, സി എച്ച് അബ്ബാസലി, എന്‍ രാജേഷ്, എ അജയന്‍, കെ എ രവീന്ദ്രന്‍, പി അലി, കെ ഹംസ, ജി കണ്ണന്‍, എ അഹമ്മദ്, കെ ഗുരുവായൂരപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.