Connect with us

Kozhikode

പ്രതിഷേധം: ജില്ലാ കായിക മേള നിര്‍ത്തിവെച്ചു

Published

|

Last Updated

കൊയിലാണ്ടി: അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള പാതിവഴിയില്‍ നിര്‍ത്തിവെച്ചു. കായിക മേളയുടെ സമാപന ദിവസമായിരുന്ന ഇന്നലെ 3000 മീറ്റര്‍ ഓട്ട മത്സരം നടന്ന ഉടനെ കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്ററിലെ 150 ലേറെ വിദ്യാര്‍ഥികള്‍ ട്രാക്കിലിറങ്ങി കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പിന്തുണയുമായി അധ്യാപകരും എത്തി.
കായികാധ്യാപകരെ വിദ്യാലയങ്ങളില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പുതിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ ഒരാഴ്ച്ചക്കാലത്തെ പരിശീലനം നല്‍കി കായികാധ്യാപക തസ്തികയില്‍ നിയമിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സമരക്കാരെ പിന്തിരിപ്പിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഗിരീഷ് ചോലയില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായും അധ്യാപകരുമായും സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കായിക മേള നിര്‍ത്തിവെച്ചതായി ഡി ഡി ഇ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിഷേധ സമരത്തിന് പിന്തുണയുമായി ഡി വൈ എഫ് ഐ, എ ബി വി പി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എ ബി വി പി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ കോലവും കത്തിച്ചു. പോലീസ് എത്തിയെങ്കിലും സമരാനുകൂലിളെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നില്ല. സമരക്കാരെ നീക്കാനുള്ള ആവശ്യം സംഘാടകര്‍ ഉന്നയിക്കുകയോ പോലീസില്‍ രേഖാ മൂലം പരാതി നല്‍കുകയോ ചെയ്തതുമില്ല.

Latest