നൊച്ചാട്ട് ശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നെന്ന് സര്‍വേ

Posted on: November 13, 2014 9:22 am | Last updated: November 13, 2014 at 9:22 am

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തഞ്ച് ശതമാനത്തിലേറെ ജനങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ പിടിപെട്ടവരാണെന്നും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൂടിവരുന്നതായും സമ്പൂര്‍ണ ആരോഗ്യ സാക്ഷരതാ ഗ്രാമപദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
50 ഓളം രോഗങ്ങളെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ തയ്യാറാക്കുന്ന ആറ് പുസ്തകങ്ങള്‍ക്കുള്ള വിവര ശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് ആരോഗ്യ ഗ്രാമം പദ്ധതി വിപുലീകരിച്ച് നടപ്പാക്കന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
10 മുതല്‍ 60 വരെ പ്രായമുള്ളവരെ രോഗകാരണം, രോഗലക്ഷണം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങള്‍ 50 കുടുംബങ്ങള്‍ അടങ്ങിയ ആരോഗ്യ സദസ്സ് സംഘടിപ്പിക്കും.
ഇതിനായി 300ഓളം ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ ആദ്യ മാതൃകാ ആരോഗ്യ സാക്ഷരതാ പഞ്ചായത്താക്കി നൊച്ചാടിനെ മാറ്റാനാണ് തീരുമാനം. വിഷാംശമില്ലാത്ത ഭക്ഷണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഹരിതസമൃദ്ധി കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിക്കും.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രയോജനപ്രദമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. സ്ത്രീകളുയെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനും മദ്യ, മയക്കുമരുന്ന് ഉപയോഗത്തിനും എതിരെയുള്ള പ്രതിരോധവും പദ്ധതിയുടെ ലക്ഷ്യമാണ്.