Connect with us

Ongoing News

ബി ആര്‍ പി ഭാസ്‌കറിന് കേസരി-സ്വദേശാഭിമാനി പുരസ്‌കാരം സമ്മാനിച്ചു

Published

|

Last Updated

തിരുവനന്തപുരം: മാധ്യമ രംഗത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ ബഹുമതിയായ കേസരി-സ്വദേശാഭിമാനി പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന് സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ എം മാണിയാണ് അവാര്‍ഡ് സമ്മാനിച്ചത്. വിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ഇന്ന് ആവശ്യമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു.
മത്സരാധിഷ്ഠിത മാധ്യമ ലോകത്ത് വിവാദങ്ങളുടെ പിന്നാലെയാണ് ഇന്നത്തെ പത്ര-ദൃശ്യ മാധ്യമ സമൂഹം പോകുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ആഗോളീകരണ കാലത്ത് ലാഭം മാത്രം ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം മൂല്യം നഷ്ടമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകണം. മൂല്യാധിഷ്ഠിത പത്ര പ്രവര്‍ത്തന പാരമ്പര്യമുള്‍ക്കൊള്ളുന്ന അവാര്‍ഡ് ജേതാവ് ബി ആര്‍ പി ഭാസ്‌കര്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്ന് ധനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവ് ബി ആര്‍ പി ഭാസ്‌കര്‍ മറുപടിപ്രസംഗം നടത്തി.

 

Latest