Connect with us

Kozhikode

എസ് വൈ എസ് ജനകീയ കൃഷിത്തോട്ടം: ഉദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യവുമായി സംസ്ഥാനത്ത് ജനകീയ കൃഷിത്തോട്ടങ്ങളൊരുക്കുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരാനും ജീവിതത്തിരക്കിനിടയില്‍ മലയാളികള്‍ മറന്നു പോയ കാര്‍ഷിക വൃത്തിക്ക് പുനരുജ്ജീവനം നല്‍കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് 14 ജില്ലകളിലും 125 സോണുകളിലും സര്‍ക്കിളുകളിലും യൂനിറ്റ് ഘടകങ്ങളിലും കൃഷിത്തോട്ടങ്ങള്‍ നിര്‍മിക്കുന്നത്. പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പാരമ്പര്യമായി ചെയ്തുപോന്നിരുന്ന കൃഷിയെ പരിപോഷിപ്പിക്കാനും ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനുമാണ് കേരളത്തിലെ ബൃഹത്തായ ധാര്‍മിക പ്രസ്ഥാനം പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത്.
നെല്ല്, വാഴ , മരച്ചീനി, പച്ചക്കറി എന്നിവക്കായി പ്രദേശത്തിന്റെയും ഭൂമിയുടെയും ഗുണവും വ്യാപ്തിയും നോക്കി വിലയിരുത്തിയാണ് കൃഷിത്തോട്ടമൊരുക്കുന്നത്. കര്‍ഷകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയില്‍ തുടക്കം കുറിക്കുന്ന ജനകീയ കൃഷിത്തോട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാലത്ത് ഒമ്പത് മണിക്ക് എടരിക്കോട് ക്ലാരി സൗത്തില്‍ ജില്ലാ കലക്ടര്‍ കെ ബിജു നിര്‍വഹിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ തൈക്കാടന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അജിതന്‍ എന്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദു ഹാജി വേങ്ങര, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

 

Latest