Connect with us

Ongoing News

മുദ്രപത്രനിയമത്തില്‍ ഭേദഗതി; ന്യായവില വര്‍ധിപ്പിച്ചാല്‍ ഇനി റിവ്യൂ പെറ്റീഷന്‍ നല്‍കാം

Published

|

Last Updated

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച് കൊണ്ട് കലക്ടറെടുക്കുന്ന തീരുമാനത്തിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി കേരള മുദ്രപത്ര നിയമം ഭേദഗതി ചെയ്യും. മത്സ്യബന്ധന രംഗത്ത് യന്ത്രവത്കൃത യാനങ്ങളുടെ നിര്‍മാണം നിയന്ത്രിക്കാനുള്ള കെ എം എഫ് ആര്‍ ആക്ട് ഭേഗഗതി ചെയ്യാനുള്ള കരട് ബില്ലും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ന്യായവില നിര്‍ണയം സംബന്ധിച്ച അപ്പീലിന് മേല്‍ ജില്ലാകലക്ടര്‍ നടത്തിയ തീര്‍പ്പ് വ്യവസ്ഥയില്‍ അക്ഷേപം ഉള്ള ഏതൊരാള്‍ക്കും റിവ്യുപെറ്റീഷന്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് മുദ്രപത്ര നിയമം ഭേദഗതി ചെയ്യുന്നത്. ന്യായവില നിശ്ചിത ശതമാനം വര്‍ധിപ്പിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം ജില്ലാ കലക്ടര്‍ക്കു തന്നെയാണ് റിവ്യു പെറ്റീഷന്‍ നല്‍കേണ്ടത്. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് റിപോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്റെ കാലാവധി 18.10.2014 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. കൊച്ചിയില്‍ പച്ചാളം റോഡ് ഓവര്‍ ബ്രിഡ്ജ് 52.59 കോടി രൂപ അടങ്കലില്‍ നിര്‍മിക്കാന്‍ യോഗം അനുമതി നല്‍കി. ഇതിനായി 0.2525 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ തയ്യാറെടുപ്പ് പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തി ഏര്‍പ്പെടുത്തിയ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടാവും പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ ജനറിക് മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ലിമിറ്റഡിന് പ്രവര്‍ത്തന മൂലധനമായി അഞ്ച് കോടി രൂപ അനുവദിച്ചു. നിര്‍മാണം നടക്കുന്ന ലബോറട്ടറിയുടെ പണിപൂര്‍ത്തിയാക്കാന്‍ 70 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.