Connect with us

Kozhikode

പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം അസംബന്ധം: പേരോട്

Published

|

Last Updated

നാദാപുരം: പാറക്കടവ് ദാറുല്‍ഹുദാ വിദ്യാര്‍ഥിനി പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മാനേജ്‌മെന്റ് രക്ഷിതാവിന് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ശുദ്ധ അസംബന്ധവും വിശ്വാസിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടാത്തതുമാണെന്ന് സിറാജുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍.
പണം വാഗ്ദാനം ചെയ്തുവെന്നതിന് തെളിവ് ഹാജരാക്കാന്‍ രക്ഷിതാവിന് ബാധ്യതയുണ്ട്. ആരോപിക്കപ്പെടുന്ന പീഡനം സംബന്ധിച്ച പരാതി സ്‌കൂള്‍ അധികൃതര്‍ക്ക് എഴുതിത്തരാന്‍ തയ്യാറാകാതിരുന്നതും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതും രക്ഷിതാക്കളാണ്. പി ടി എ ഭാരവാഹികളും കുട്ടിയുടെ ബന്ധുക്കളുമടങ്ങുന്ന നിരവധി പേര്‍ ഇതിന് സാക്ഷിയാണ്. സ്‌കൂളില്‍ കയറി ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലും ഒരു വിദ്യാര്‍ഥിയെ ഗുണ്ടാ സംഘത്തിന് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയായിരുന്നു അവരുടെ ആവശ്യം.
രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് കുഴപ്പമുണ്ടാക്കാനും സ്ഥാപനം നിശ്ചലമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഗൂഢനീക്കമാണ് ഇതെന്ന് കണ്ടറിഞ്ഞ മാനേജ്‌മെന്റ് ഉടനെ പോലീസ് ഉദ്യോഗസ്ഥന്‍മാരുമായി ബന്ധപ്പെടുകയും പരാതി നല്‍കുകയുമാണുണ്ടായത്. പോലീസില്‍ പരാതി നല്‍കിയത് തെറ്റായിപ്പോയെന്ന് രക്ഷിതാവാണ് ഖത്തറില്‍ നിന്ന് വിളിച്ച് കുട്ടിയുടെ ബന്ധുവും സ്ഥാപനത്തിന്റെ സഹകാരിയുമായ വ്യക്തിയോട് ആക്ഷേപം പറഞ്ഞത്. ഇതെല്ലാം സാക്ഷി മുഖേന മാനേജ്‌മെന്റിന് തെളിയിക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.