Connect with us

National

നെഹ്‌റുവിന്റെ 125 ാം ജന്‍മവാര്‍ഷികം: മോദിക്ക് ക്ഷണമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മവാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജി, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് ക്ഷണം. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ല. സമാനമനസ്‌കരായ മുഴുവന്‍ രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. നവംബര്‍ 17നാണ് അന്താരാഷ്ട്ര സമ്മേളനം.
എ ഐ എ ഡി എം കെ നേതാവ് ജയലളിത, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്, ഇടതു പക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടും. പ്രഥമ പ്രധാനമന്ത്രിയുടെ ജന്മവാര്‍ഷിക സമ്മേളനത്തിലേക്ക് പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കാത്തത് അവഹേളനമാണെന്ന് ബി ജെ പി പ്രതികരിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന 21 പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാറില്‍ നിന്ന് 2012ല്‍ തെറ്റിപ്പിരിഞ്ഞതിന് ശേഷം ആദ്യമായാണ് മമത ബാനാര്‍ജി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പൊതു തിരെഞ്ഞടുപ്പ് പ്രചാരണ വേളയില്‍ മോദിയെയും, ബി ജെ പി യെയും മമത ബാനര്‍ജി നിശിതമായി വിമര്‍ശിച്ചിരുന്നു. നെഹ്‌റുവിന്റെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കാന്‍ മോദിക്ക് പദ്ധതിയുണ്ട്. ഇതിനായി യു പി എ സര്‍ക്കാറിന്റെ കാലത്തെ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. പുനഃസംഘടിപ്പിച്ച കമ്മിറ്റിയുടെ തലവന്‍ മോദിയാണ്. തത്സ്ഥാനത്തുണ്ടായിരുന്നത് മന്‍മോഹന്‍ സിംഗായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലിഗാര്‍ജുന ഖാര്‍ഗെ, കരണ്‍ സിംഗ് എന്നിവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest