വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

Posted on: November 12, 2014 10:21 am | Last updated: November 12, 2014 at 10:21 am

ചങ്ങരംകുളം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ രണ്ട് പേരെ ചങ്ങരംകുളം പോലീസ് പിടികൂടി.
തിരൂര്‍ ചമ്രവട്ടം സ്വദേശിയായ കക്കടിതൈവളപ്പില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി (ബാപ്പു 40), പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കല്ലിങ്ങല്‍ ഹുസൈന്‍(61) എന്നിവരെയാണ് കഴിഞ്ഞദിവസം ചങ്ങരംകുളം എസ് ഐ ശശീന്ദ്രന്‍ മേലേതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നടുവട്ടത്തുള്ള വട്ടംകുളം സര്‍വീസ് സഹകരണ ബേങ്ക് പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ ഇവരെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
ഇവരില്‍നിന്നും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രണ്ട് ദിവസം മുമ്പും സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന മൂന്ന് പേരെ ചങ്ങരംകുളം പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് ഇന്നലെ രണ്ടുപേരെ പിടികൂടിയത്.
സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പനയുടെയും കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്റെയും പശ്ചാത്തലത്തില്‍ ‘ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ്’ പദ്ധതിയുമായി ബന്ധിപ്പിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സൈക്കോളജിസ്റ്റിനെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ സാബു, രാജു, രാജേഷ്, സമീര്‍ പങ്കെടുത്തു