തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു

Posted on: November 12, 2014 9:46 am | Last updated: November 12, 2014 at 9:46 am

പേരാമ്പ്ര: സര്‍ക്കാര്‍ രേഖയില്‍ വന്ന പിശക് കാരണം പേരാമ്പ്ര ടൗണിലെ നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നു. യു പി എ ഗവ. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ പേരാമ്പ്രയെ ഉള്‍പ്പെടുത്തിയപ്പോള്‍ ലിസ്റ്റില്‍ പേരാമ്പ്ര റവന്യൂ വില്ലേജ് എന്ന് ചേര്‍ത്തതാണ് തൊഴിലാളികള്‍ക്ക് വിനയാകുന്നത്. പേരാമ്പ്ര ടൗണ്‍, കൊയിലാണ്ടി താലൂക്കിലെ മേഞ്ഞാണ്യം, എരവട്ടൂര്‍ എന്നീ റവന്യൂ വില്ലേജുകളിലാണ്. പേരാമ്പ്ര വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കിഴക്കന്‍ പേരാമ്പ്രയിലെ തണ്ടോറപ്പാറയിലാണ്.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് 01.11.2012 ല്‍ ഇറക്കിയ ഉത്തരവിലെ പിശക് കാരണം ടൗണിലെ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. മേഞ്ഞാണ്യം, എരവട്ടൂര്‍ എന്നീ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുത്തി ഉത്തരവില്‍ മാറ്റം വരുത്തുകയോ പുതുതായി ഈ വില്ലേജുകളെ ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ മാത്രമാണ് പ്രതിവിധി.