പട്ടേലിനെ പൂജിക്കുമ്പോള്‍ എന്താണ് സംഘ്പരിവാര്‍ സ്വയം റദ്ദാക്കുന്നത്?

Posted on: November 12, 2014 6:00 am | Last updated: November 12, 2014 at 12:54 am

Untitled-1 copyഒരു ജനാധിപത്യ വിശ്വാസിക്കും ലവലേശം അംഗീകരിക്കാന്‍ സാധ്യമല്ലാത്ത ഫാസിസ്റ്റ് നടപടിയായിരുന്നു അടിയന്തിരാവസ്ഥ. അതിന് നേതൃത്വം നല്‍കിയ ഭരണാധിപ എന്ന നിലയില്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധി ഒരുപാട് വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കടുത്ത വിയോജിപ്പുള്ളവര്‍ക്ക് പോലും ആദരവ് തോന്നിപ്പിക്കുന്ന സംഭാവനകളും ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്ന് നമ്മുടെ രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര നേതാവും രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായ ഇന്ദിരാ പ്രിയദര്‍ശിനി, ദേശീയ കവി ടാഗോറിന്റെയും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയും സ്‌നേഹ വാത്സല്യങ്ങള്‍ക്കും ശിക്ഷണത്തിനും പാത്രീഭൂതരാകാന്‍ സൗഭാഗ്യം ലഭിച്ച മുഖ്യധാരാ രാഷ്ട്രീയത്തിലെ അപൂര്‍വം നേതാക്കളില്‍, ഏറ്റവും തലയെടുപ്പുള്ള ഏക വനിതയും ആയിരുന്നു.
ഒടുവില്‍ ബിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ശക്തിപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദത്തെ തകര്‍ക്കാനും ഇന്ത്യയുടെ ഐക്യം നിലനിര്‍ത്താനും കര്‍ക്കശ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെ തന്നെ സ്വന്തം സുരക്ഷാഭടന്മാരായ സിഖു സൈനികരാല്‍ വെടിയേറ്റ് ജീവാഹുതി ചെയ്യേണ്ടിവന്നു ഇന്ദിരാ ഗാന്ധിക്ക്. ഇതിനാലൊക്കെ തന്നെ ഇന്ദിരാ ഗാന്ധിക്ക് സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുള്ള സ്ഥാനം അത്ര എളുപ്പത്തിലൊന്നും തേച്ചുമായ്ച്ചു കളയാന്‍ ആര് വിചാരിച്ചാലും സാധ്യമല്ല.
എന്നാല്‍, കഴിഞ്ഞ ഒക്‌ടോബര്‍ 31ന് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തെ തീര്‍ത്തും അവഗണിക്കുന്ന സമീപനം സ്വീകരിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദിരാ ഗാന്ധിയുടെ പ്രാധാന്യത്തെ തമസ്‌കരിക്കാന്‍ ഒരു ശ്രമം നടത്തി. ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇന്ദിരാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ‘ശക്തിസ്ഥലി’ല്‍ ചെല്ലുകയോ ആദരാഞ്ജലി അര്‍പ്പിക്കുകയോ ചെയ്തില്ല. ഇത് പ്രതിപക്ഷ ബഹുമാനം ലവലേശം ഇല്ലാത്തതും രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടു കൂടിയതുമായ കറുത്ത നടപടിയായിപ്പോയി. തലശ്ശേരിയിലെ ഒരു രാഷ്ട്രീയ കൊലപാതകത്തിനിരയായി മരിച്ച മനോജ് എന്ന ആര്‍ എസ് എസ് നേതാവിന്റെ വീട്ടിലേക്ക് വരെ പറന്നെത്താന്‍ യഥേഷ്ടം സമയമുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ പോലുള്ളവരെ ഒക്‌ടോബര്‍ 31ന് ‘ശക്തിസ്ഥലി’ലേക്ക് മന്ത്രിസഭയുടെ പ്രതിനിധിയായി പറഞ്ഞയക്കാനെങ്കിലും മോദി തയ്യാറാകാതെ പോയത്, അദ്ദേഹം ആര്‍ എസ് എസുകാരുടെ പ്രധാനമന്ത്രി എന്നതിനോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്.
എന്നിരുന്നാലും പ്രതിയോഗികളുടെ വായടപ്പിക്കാന്‍ ഒട്ടൊക്കെകഴിയാവുന്ന കൗശലത്തോടെയാണ് ഒക്‌ടോബര്‍ 31ന് ഇന്ദിരാ ഗാന്ധിയെ തമസ്‌കരിക്കാനും നെഹ്‌റു കുടുംബത്തെ അവഹേളിക്കാനും ഉതകുന്ന കറുത്ത നീക്കങ്ങള്‍ മോദി ആസൂത്രണം ചെയ്തത് എന്ന് പറയാതെ വയ്യ. ആര്‍ക്കും നിഷേധിക്കാനാകാത്ത ദേശീയ വ്യക്തിത്വമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതിമയുടെ തോളിലിരുന്നാണ് ഇന്ദിരാ ഗാന്ധിയെ താറടിക്കാന്‍ മോദി ശ്രമിച്ചത്. ഇന്ദിരയുടെ പ്രഭാവത്തെ പേടിച്ചും പൂജിച്ചും ഇന്ദിരാ കുടുംബാംഗങ്ങളെ പ്രീണിപ്പിച്ചും മാത്രം ശീലിച്ച സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍, അവഗണിച്ചു കളഞ്ഞ നിരവധി കോണ്‍ഗ്രസുകാരായ ദേശീയ നേതാക്കളുണ്ട്. ഡോ. രാജേന്ദ്ര പ്രസാദ്, മൗലാനാ അബുല്‍ കലാം ആസാദ്, സി രാജഗോപാലാചാരി, കാമരാജ്, വി കെ കൃഷ്ണമേനോന്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടും. ഇതില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നേതാവാണ് തീര്‍ച്ചയായും സര്‍ദാര്‍ പട്ടേലും.
എന്നാല്‍, ഇപ്പറഞ്ഞ ദേശീയ നേതാക്കളില്‍, അധികാര കിട മത്സരത്തിന്റെ സ്ഥാപിത താത്പര്യങ്ങളാലുണ്ടായ നെഹ്‌റു വിരോധവും മൃദുഹിന്ദുത്വ സമീപനങ്ങളും താരതമ്യേന കൂടുതലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവാണ് ഗുജറാത്തുകാരനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അതിനാല്‍ നെഹ്‌റു കുടുംബത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയ പാരമ്പര്യത്തോട് എക്കാലത്തും അസഹിഷ്ണുത പുലര്‍ത്തിയിരുന്ന സംഘ്പരിവാറുകാര്‍ക്ക് നെഹ്‌റുവിയന്‍ രാഷ്ട്രീയ പാരമ്പര്യത്തെ താറടിക്കാന്‍ എപ്പോഴും ഉപയോഗിക്കാവുന്ന കോണ്‍ഗ്രസ് നേതാവായി സര്‍ദാര്‍ പട്ടേലിനെ മോദി എന്ന ഗുജറാത്തുകാരനായ ആര്‍ എസ് എസുകാരന്‍ കണ്ടെത്തി എന്നത് സ്വാഭാവികമാണ്. ഇനം ഇനത്തോട് ചേരുമെന്നാണല്ലോ.
പട്ടേലിനെ വാനോളം വാഴ്ത്തിക്കൊണ്ട് ഇന്ദിരാ സ്മൃതിയെ പാതാളത്തോളം ചവിട്ടിത്താഴ്ത്താന്‍ മോദി കാണിച്ച കൗശലം, കയ്ച്ചിട്ട് ഇറക്കാനും വയ്യ; മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസുകാരെ എത്തച്ചത്. ഇന്ദിരാ ഗാന്ധിയെ അവഗണിച്ചത് ശരിയോ എന്ന ചോദ്യം ശക്തമായി ഉയര്‍ത്തിയാല്‍ പട്ടേലിനെ ഇത്രയും കാലം അവഗണിച്ച കോണ്‍ഗ്രസ് നടപടി ശരിയോ എന്ന മറുചോദ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നേരിടേണ്ടിവരുമായിരുന്നു. എന്തായാലും നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ നിവൃത്തികേട് കൊണ്ടാണെങ്കിലും കെ പി സി സി നല്‍കിയ മറുപടി ഒട്ടൊരു അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അവര്‍ പട്ടേല്‍ സ്മൃതിയും ഇന്ദിരാ സ്മൃതിയും ഒന്നിച്ച് ആചരിച്ചു.
എന്നാല്‍, സര്‍ദാര്‍ പട്ടേല്‍ എന്ന കോണ്‍ഗ്രസുകാരനായ ഉരുക്കുമനുഷ്യന്റെ തോളിലേറി ഒക്‌ടോബര്‍ 31ന് ‘ഏക്താ ദിന്‍’ ആയി നരേന്ദ്ര മോദി പ്രഖ്യാപനം ചെയ്തപ്പോള്‍ ആര്‍ എസ് എസിന്റെ ‘ഗുരുജി’യായ ഗോള്‍വാള്‍ക്കറെ റദ്ദ് ചെയ്യുന്ന വാദങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ എന്നത് ഒരു കാലത്തും ഒരൊറ്റ രാജ്യമായിരുന്നില്ലെന്നും ഈ ഭൂഖണ്ഡം എല്ലായ്‌പ്പോഴും പരസ്പരം പോരടിക്കുന്ന ചെറു നാട്ടുരാജ്യങ്ങളാല്‍ നിബിഡമായിരുന്നു എന്നും അംഗീകരിക്കാതെ, അഞ്ഞൂറില്‍ പരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഇന്നത്തെ ഇന്ത്യ ഉണ്ടാക്കിയ പട്ടേലിന്റെ ഉരുക്കു വ്യക്തിത്വത്തെ ആര്‍ക്കും വാഴ്ത്താനാകില്ല. മോദിയും സംഘ് പരിവാരികളും പട്ടേലിനെ വാഴ്ത്തുന്നു. അതിലൂടെ അവര്‍ അവരറിയാതെ തന്നെ, ഇന്ത്യ എന്നത് പലതായി പിരിഞ്ഞു നിന്നിരുന്ന വിവിധ ദേശീയതകളുടെ നാട്ടുരാജ്യമാണെന്നാണ് വാദിക്കുന്നത്. ഇതേ കാര്യമാണ് അങ്ങേയറ്റത്ത് കാള്‍മാക്‌സ് മുതല്‍ ഇങ്ങേയറ്റത്ത് ഇ എം എസ് വരെയുള്ളവര്‍ ഇന്ത്യാ ഭൂഖണ്ഡത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത്.
പക്ഷേ, പട്ടേല്‍ പ്രഭാവം കൂട്ടിച്ചേര്‍ത്ത വിവിധ നാട്ടുരാജ്യങ്ങളുടെ ഭരണഘടനാ പരമായ ഒരു കൂട്ടായ്മയാണ് ഇന്ത്യ എന്ന് നരേന്ദ്ര മോദിയും കൂട്ടരും ഇപ്പോള്‍ സമ്മതിക്കുമ്പോള്‍ പൊളിഞ്ഞു പാളീസാകുന്നത് ഗോള്‍വാള്‍ക്കര്‍ യാതൊരു തെളിവുകളും കൂടാതെ തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ചിരപുരാതനമായ ഹിന്ദു രാഷ്ട്രം എന്ന അഖണ്ഡ ഭാരത പരികല്‍പ്പനയാണ്. ഗോള്‍വാര്‍ക്കര്‍ സങ്കല്‍പ്പിച്ചിരുന്നതുപോലെ ഇന്ത്യ എന്ന രാജ്യം എക്കാലത്തും ‘ഹിന്ദു രാഷ്ട്രമായി അഖണ്ഡമായി’ നിലനിന്നിരുന്നതാണെന്ന് ആര്‍ എസ് എസുകാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, പട്ടേലിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിവിധ നാട്ടുരാജ്യങ്ങളുടെ കൂട്ടമാണ് ഇന്ത്യ എന്ന ഇപ്പോഴത്തെ വാദമാണ് അവര്‍ക്ക് തള്ളിക്കളയേണ്ടിവരിക. മറിച്ചാണെങ്കിലോ, ഗോള്‍വാള്‍ക്കറുടെ ഇന്ത്യ ചിരപുരാതനമായി തന്നെ നിലനിന്നിരുന്ന അഖണ്ഡമായ ഹിന്ദു രാഷ്ട്രമാണെന്ന സങ്കല്‍പ്പത്തെ നിരാകരിക്കേണ്ടിയും വരും. എന്തായാലും ഗോള്‍വാക്കള്‍റുടെ അഖണ്ഡ ഹിന്ദു രാഷ്ട്ര സിദ്ധാന്തവും പട്ടേല്‍ പൂജയും ഒരുമിച്ചു കൊണ്ടുനടക്കുന്നത് ഇരുട്ടും വെളിച്ചവും ഒരേസമയം ഒരിടത്തു നിലനിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ മൗഢ്യമായിരിക്കും.
അതുകൊണ്ട് സംഘ്പരിവാറുകാര്‍ക്ക് ഇനി ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തേ മതിയാകൂ. ഒന്നുകില്‍ ഇന്ത്യ ഒരു കാലത്തും ഒരൊറ്റ ദേശീയ രാഷ്ട്രമായി നിലകൊണ്ടിരുന്നില്ലെന്ന് അംഗീകരിക്കുക, അപ്പോഴവര്‍ക്ക് ഗോള്‍വാക്കറെ നിരാകരിക്കേണ്ടിവരും. ഇനി, ഗോള്‍വാള്‍ക്കറുടെ ചിരപുരാതനമായി നിലനിന്നുവരുന്ന അഖണ്ഡ ഹിന്ദു രാഷ്ട്രമാണ് ഹിന്ദുസ്ഥാന്‍ എന്ന സിദ്ധാന്തത്തെ മുറുകെ പിടിച്ചാലോ, പട്ടേല്‍ പൂജ കൈവെടിയേണ്ടി വരും. കാരണം, അഖണ്ഡ ഹിന്ദു സ്ഥാനത്തെ കൂട്ടിച്ചേര്‍ക്കാന്‍ ഒരാളുടെ ആവശ്യം ഇല്ലല്ലോ. അതിനാല്‍, പട്ടേലിനെക്കൊണ്ട് നെഹ്‌റുവിയന്‍ പാരമ്പര്യത്തെ തച്ചുടയ്ക്കാന്‍ വേണ്ടി മോദി നടത്തിയ കൗശലമായ കറുത്ത നീക്കങ്ങള്‍ സംഘ്പരിവാരത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് ‘ഗോള്‍വാള്‍ക്കറോ പട്ടേലോ?’ എന്നിടത്തേക്കാണ്. ഇന്ത്യ ചിരപുരാതനമായി നിലനിന്നിരുന്ന അഖണ്ഡ ഹിന്ദു രാഷ്ട്രമാണോ പട്ടേലിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ചെറു നാട്ടുരാജ്യങ്ങളുടെ കൂട്ടായ്മയാണോ എന്നിടത്തേക്കാണ്. ഇതിനുള്ള മറുപടിയാണ് ജനങ്ങള്‍ക്ക് ലഭിക്കേണ്ടത്. അത് ലഭ്യമായാല്‍ ബാക്കി പറയാം.