Connect with us

Kottayam

സുധീരന്റെ യാത്ര എം വി ആറിനോടുള്ള അനാദരവ്: കെ ആര്‍ അരവിന്ദാക്ഷന്‍

Published

|

Last Updated

കോട്ടയം: സി എം പി, യു ഡി എഫിലെ ഘടക കക്ഷിയാണെന്ന് അവകാശപ്പെടുന്നവര്‍ എം വി ആറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര പാലക്കാട് ജില്ലയില്‍ പര്യടനം നടത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സി എം പി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍.
എം വി ആറിനോടുള്ള ആദര സൂചകമായി എല്‍ ഡി എഫ് യോഗം മാറ്റിവെച്ചിട്ടും സുധീരന്‍ ജാഥ നടത്തിയത് അദ്ദേഹത്തോടുള്ള അനാദരവാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സി പി ജോണ്‍ മൂന്ന് വര്‍ഷമായി സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ടുപോകുകയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തിലായിരിക്കും സി പി ജോണ്‍ മത്സരിക്കുക. ദുബൈയില്‍ നിന്ന് എം വി ആറിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയ സി പി ജോണ്‍ എം വി രാഘവന്റെ വീട്ടില്‍ പോകാന്‍ തയ്യാറായില്ല. മരണം സംഭവിച്ചയുടന്‍ താനും ചില നേതാക്കളും ചേര്‍ന്ന് എം വി ആറിനെ പാര്‍ട്ടി പതാക പുതപ്പിച്ചിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വീണ്ടും എം വി ആറിന്റെ മൃതശരീരത്തില്‍ സി പി ജോണും ചില അനുയായികളും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. സി എം പിയില്‍ നിന്ന് ജോണിനെ ചവിട്ടിപുറത്താക്കണമെന്ന് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനിടെ എം വി രാഘവന്‍ നിര്‍ദേശിച്ചിരുന്നതാണ്.
25 വര്‍ഷമായി സി എം പി മത്സരിച്ചിരുന്ന അരീക്കോട് നിയമസഭാ മണ്ഡലം കോണ്‍ഗ്രസുമായി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളാണ് സി പി ജോണിനെതിരെ നിലപാട് സ്വീകരിക്കാന്‍ എം വി ആറിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് സി എം പി ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍, ക്ഷേത്രത്തില്‍ പോകുന്ന തനിക്ക് സി പി എമ്മില്‍ ചേരാന്‍ കഴിയില്ലെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു. എം വി ആറിന്റെ സ്മരണ നിലനിര്‍ത്താന്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജിന് എം വി രാഘവന്റെ പേര് നല്‍കണം. ഈയാവശ്യം സംസ്ഥാന സര്‍ക്കാറിനെയും പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതിയെയും അറിയിച്ചതായും കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു.

Latest