കേരളം ആദ്യത്തെ സമ്പൂര്‍ണ ബേങ്ക് അക്കൗണ്ട് സംസ്ഥാനം

Posted on: November 12, 2014 5:15 am | Last updated: November 12, 2014 at 12:16 am

തിരുവനന്തപുരം; മുഴുവന്‍ കുടുംബങ്ങളിലും ബേങ്ക് അക്കൗണ്ട് ഉറപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന (പി എം ജെ ഡി വൈ) പദ്ധതി നടപ്പാക്കിയതോടെയാണ് നൂറ് ശതമാനം അക്കൗണ്ട് എന്ന നിലയിലെത്തിയത്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഇന്നലെ നടന്ന സംസ്ഥാനതല ബേങ്കേഴ്‌സ് മീറ്റില്‍ ധനമന്ത്രി കെ എം മാണി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം 12.8 ലക്ഷം അക്കൗണ്ടുകളാണ് പുതുതായി തുറന്നത്. ഇതിലൂടെ 326 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. 5.25 ലക്ഷം പേര്‍ക്ക് റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കി. പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബത്തിലെ വനിതകള്‍ക്ക് രണ്ടാമതൊരു അക്കൗണ്ട് തുറന്ന് റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

അടുത്തഘട്ടത്തില്‍ അവശേഷിക്കുന്ന കുടുംബങ്ങളെ ആധാര്‍ എന്റോള്‍മെന്റ് ചെയ്യിച്ച് ബേങ്ക് അക്കൗണ്ടുകളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ധനകാര്യ സാക്ഷരതാ കേന്ദ്രങ്ങള്‍ (എഫ് എല്‍ സി) തുറന്നു. എല്ലാ ബ്ലോക്കുകളിലും എഫ് എല്‍ സി കേന്ദ്രങ്ങള്‍ ആരംഭിച്ച ആദ്യസംസ്ഥാനമായി കേരളം മാറി.
അക്കൗണ്ടുകളില്ലാത്ത കുടുംബങ്ങളെ കണ്ടെത്താന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സംസ്ഥാനത്ത് സര്‍വെ നടത്തിയിരുന്നു. ഇതു കൂടാതെ കുടുംബശ്രീയുടെ സഹായത്തോടെ 3,000 ക്യാമ്പുകള്‍ നടത്തി. 978 എഫ് എല്‍ സികള്‍ തുറന്നു. പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ആരംഭിച്ച ടോള്‍ഫ്രീ നമ്പര്‍ വഴി 1621 പേര്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംസ്ഥാനം തുടങ്ങിവെച്ച പരിശ്രമങ്ങളുടെ ഫലമായാണ് എല്ലാ കുടുംബങ്ങള്‍ക്കും ബേങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. മിഷന്‍ ഡോക്യുമെന്റിന്റെ പ്രകാശനവും മന്ത്രി കെ എം മാണി നിര്‍വഹിച്ചു. സമ്പൂര്‍ണ സാക്ഷരതക്കും ഇ- സാക്ഷരതക്കും ശേഷം കേരളം സ്വന്തമാക്കിയ ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ബാങ്കുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും യോജിച്ചു പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എല്‍ ബി സി ചെയര്‍മാനും കനറാബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി എസ് റാവത്ത്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. കെ എം എബ്രഹാം, നിവേദിതാ പി ഹരന്‍, റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി ശാന്തകുമാര്‍, നബാര്‍ഡ് ചീഫ് ജന. മാനേജര്‍ രമേശ്, എസ് എല്‍ ബി സി കണ്‍വീനര്‍ യു രമേഷ്‌കുമാര്‍ പങ്കെടുത്തു.