കാലംതെറ്റി കണിക്കൊന്ന പൂത്തു

Posted on: November 11, 2014 10:42 am | Last updated: November 11, 2014 at 1:44 pm

wyd---konna poothuകല്‍പ്പറ്റ: കാലം തെറ്റി കാനനപാതയില്‍ കണിക്കൊന്നകള്‍ കൂട്ടത്തോടെ പൂത്തത് സഞ്ചാരികള്‍ക്ക് കൗതുകമായി. ശിശിരക്കുളിരില്‍ വയനാട്ടിലെ തിരുനെല്ലി അപ്പപാറയിലെ സ്വകാര്യ തോട്ടത്തിലാണ് ഒരു വൃക്ഷത്തില്‍ നിറയെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞത്.
സാധാരണയായി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കണിക്കൊന്ന പൂക്കാറ്. വിഷുവിന്റെ വരവറിയിക്കല്‍ കൂടിയായിരുന്നു ഈ പൂക്കാലം. തിരുനെല്ലി ഇരുമ്പുപാലം മുതല്‍ മഹാവിഷ്ണുക്ഷേത്രം വരെയുള്ള നൂറ് കണക്കിന് കണിക്കൊന്നകള്‍ എല്ലാവര്‍ഷവും പൂത്തുനില്‍ക്കാറുണ്ട്.
ഇതുവഴി തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലേക്കും മഹാവിഷ്ണുക്ഷേത്രത്തിലേക്കും നാഗര്‍ഹോള ദേശീയ ഉദ്യാനത്തിലേക്കും കുടകിലേക്കുമുള്ള യാത്രക്കാര്‍ പാതയോരത്ത് വാഹനം നിര്‍ത്തി കണിക്കൊന്നകള്‍ ശേഖരിക്കുന്നത് പതിവ് കാഴ്ചയാണ്. ശിശിരത്തിലെ കോടമഞ്ഞില്‍ കണിക്കൊന്നയിലെ സ്വര്‍ണ ഞാലിപൂക്കള്‍ കാണുന്നത് സഞ്ചാരികള്‍ക്ക് ആനന്ദമാണ്. ‘കാസിയ ഫിസ്റ്റുല’ എന്ന പേരിലും ‘ഗോള്‍ഡന്‍ ഷവര്‍ട്രീ’ എന്ന പേരിലും അറിയപ്പെടുന്ന കണികൊന്നകള്‍ പത്ത് മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇലപൊഴിയും വൃക്ഷമാണ്.
സംസ്ഥാനത്തിന്റെ ദേശീയ പുഷ്പം കൂടിയാണിത്. ക്കൊന്നപ്പൂവിന്റെ മാഹാത്മ്യവുമായി ബന്ധപ്പെട്ട് തപാല്‍വകുപ്പ് 20 രൂപയുടെ സ്റ്റാമ്പ് മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.