Connect with us

Kerala

വൈദ്യുതി കാലുകളിലെ പരസ്യത്തിന് ഇനി പണം നല്‍കണം

Published

|

Last Updated

elecrtical postതിരുവനന്തപുരം: പൊതു നിരത്തുകളിലെ വൈദ്യുതി കാലുകളില്‍ ഇനിമുതല്‍ തോന്നിയപോലെ പരസ്യം ചെയ്യാനാകില്ല. വൈദ്യുതി കാലുകളില്‍ അലുമിനിയം ക്ലാഡിംഗ് സ്ഥാപിച്ച് വൃത്തിയായി പരസ്യം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ഹോര്‍ഡിംഗുകള്‍ ഉടന്‍ നീക്കം ചെയ്യും. നഗരസഭകളുടെ അനുമതിയില്ലാതെ വൈദ്യുതി കാലുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫഌക്‌സുകള്‍, എഴുത്തുകള്‍ തുടങ്ങിയവയും നീക്കും. പകരം കാലുകള്‍ക്ക് ചുറ്റിലും നിശ്ചിത വലുപ്പത്തില്‍ ക്ലാഡിംഗ് സ്ഥാപിച്ച് ആകര്‍ഷകമായി പെയിന്റ് ചെയ്ത് ക്ലീന്‍ കേരള കമ്പനി പരസ്യങ്ങള്‍ക്ക് നല്‍കും. 

നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ സ്ഥാപിക്കുന്ന ഈ ബോര്‍ഡുകള്‍ക്ക് പരസ്യദാതാക്കളില്‍നിന്ന് ഫീസ് ഈടാക്കും. വൈദ്യുതി കാലുകളില്‍ പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പരിപാലനത്തിനുമുള്ള ചുമതല ഇനിമുതല്‍ ക്ലീന്‍ കേരള കമ്പനിക്കായിരിക്കും. വൈദ്യുതി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഇതിനായുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറപ്പെടുവിക്കും. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭകള്‍ക്കും വൈദ്യുതി വകുപ്പിനും നിശ്ചിത തുക ക്ലീന്‍ കേരള കമ്പനി നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പരസ്യനികുതി കഴിച്ച് വരുന്ന തുകയുടെ 20 ശതമാനമാണ് വൈദ്യുതി വകുപ്പിന് നല്‍കേണ്ടത്. വൈദ്യുതി കാലുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാകാത്ത വിധമാണ് ക്ലാഡിംഗ് ഘടിപ്പിക്കുക. സംസ്ഥാനത്താകെ ഒരേ രീതിയില്‍ ആകര്‍ഷകമായി പരസ്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
വൈദ്യുതി കാലുകളില്‍ അപകടകരമായ രീതിയില്‍ കേബിള്‍ വയറുകളും പരസ്യബോര്‍ഡുകളും മറ്റും തൂക്കിയിട്ടും പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചും നഗരങ്ങള്‍ വികൃതമാകുന്നത് തടയാനാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ നഗരങ്ങളിലും പാതയോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണമെന്ന വ്യവസ്ഥ മിക്കപ്പോഴും പാലിക്കാറില്ല. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 30 കോടിയിലധികം രൂപ പരസ്യനികുതി ഈടാക്കുമ്പോള്‍ സംസ്ഥാനത്തിന് ആകെ ഈയിനത്തിനുള്ള വരുമാനം ആറ് കോടി രൂപ മാത്രമാണ്. ഈ വിരോധാഭാസം മറികടക്കുന്നതിനും നഗരസഭക്ക് അര്‍ഹമായ നികുതി ലഭിക്കുന്നതിനുമാണ് പുതിയ തീരുമാനം. നഗരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വൈദ്യുതി കാലുകളില്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകളും മറ്റ് വയറുകളും വൃത്തിയായി ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ഇ മാലിന്യ ശേഖരണം, പ്ലാസ്റ്റിക് ശേഖരണം എന്നിവ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് അനധികൃത പരസ്യബോര്‍ഡുകള്‍ ഒഴിവാക്കാനും സംസ്ഥാനത്താകെ ഒരേ സ്വഭാവത്തിലുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയെടുക്കുന്നത്.
പൊതുനിരത്തുകളിലെ വൈദ്യുതികാലുകളിലും പൊതുസ്ഥലങ്ങള്‍ കൈയേറിയും ചെറുതും വലുതുമായ പരസ്യബോര്‍ഡുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ചിരിക്കുന്നത് തടയാന്‍ നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് എന്നിവരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.