ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ദരിദ്രരാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

Posted on: November 11, 2014 1:37 pm | Last updated: November 11, 2014 at 1:37 pm

പാലക്കാട്: നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഭക്ഷണത്തിനും ചികിത്സക്കും വഴിയില്ലാതെ ദാരിദ്രം അനുഭവിക്കുകയാണെന്ന സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജയും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ ഇ പത്മനാഭനും സെക്രട്ടറി സി ആര്‍ സജീവനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചാനലില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. ഒടുവിലിന്റെ മൂത്ത മകള്‍ പത്മിനിയുടെ മകള്‍ ശ്വേത ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയാണ്. ഇത്തരം രോഗത്തില്‍ നിന്നുണ്ടായ വേദനയാണ് പത്മിനി ചാനലുകാരോട് പങ്ക് വെച്ചത്.
അത് ഒരിക്കലും ദാരിദ്രത്തിന്റെ പ്രശ്‌നമല്ല. രോഗങ്ങള്‍ മൂലമുള്ള അവശതകളെക്കുറിച്ച് പത്മിനി പറഞ്ഞ വാക്കുകള്‍ വാര്‍ത്ത പ്രാധാന്യത്തിന് വേണ്ടി വളച്ചൊടിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പത്മിനിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.
അത് കൊണ്ട് തന്നെ അവര്‍ക്ക് യാതൊരു വിധ സാമ്പത്തിക ബുദ്ധിമുട്ടുമില്ല. രണ്ടാമത്തെ മകള്‍ ശാലിനി കുടുംബ സമേതം തൃശൂരിലാണ് താമസം. ചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് താരസംഘടനയിലെയും സിനിമ പ്രവര്‍ത്തകരിലെ പലരും സത്യാവസ്ഥ അറിയാന്‍ വിളിക്കുകയുണ്ടായന്നും ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജ പറഞ്ഞു.
ഉണ്ണിയേട്ടന്‍ അഭിനയം വഴി കോടിശ്വരനായില്ലെങ്കിലും തങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തന്നിട്ടുണ്ടെന്നും കേരളശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷനും നല്ലസഹകരണമാണ് നല്‍കുന്നതെന്നും മറിച്ചുള്ള പ്രചരണം വേദനിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.