കാല്‍നട യാത്ര പോലും സാധ്യമാകാതെ ചങ്കുവെട്ടികുണ്ട്-മിനി ഊട്ടി- കുര്‍ബാനി റോഡ്

Posted on: November 11, 2014 10:45 am | Last updated: November 11, 2014 at 10:45 am

കോട്ടക്കല്‍: ഗതാഗതവും കാല്‍നട യാത്രയും അസഹ്യമായ ചങ്കുവെട്ടികുണ്ട്-മിനി ഊട്ടി- കുര്‍ബാനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം. കാലങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ഈ റോഡ്. കുര്‍ബാനി, പറമ്പിലങ്ങാടി, തോക്കാംപാറ ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ പേര്‍ ഇത് വഴിയാണ് പോകുന്നത്.
കോട്ടക്കല്‍ ഗവ. രാജാസ് ഹൈസ്‌കൂളിലേക്കുള്ള കുട്ടികള്‍ക്കും ഇത് തന്നെയാണ് വഴി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച റോഡ് ഇപ്പോള്‍ കൂര്‍ത്ത കല്ലുകളും വന്‍കിടങ്ങുകളും നിറഞ്ഞവയാണ്. കാല്‍നട പോലും ഇത് വഴി അസഹ്യമാണ്. കോട്ടക്കല്‍ പഞ്ചായത്തായിരുന്നപ്പോഴും നഗരസഭയായതിന് ശേഷവും റോഡ് നവീകരണത്തിന് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
കുത്തനെയുള്ള ഇറക്കമുള്ള ചെമ്മണ്‍പാതക്ക് നടുവിലായി മഴവെളളം ഒലിച്ചിറങ്ങി കിടങ്ങുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് കാല്‍നടയാത്രക്കാര്‍ പോലും സാഹസപ്പെട്ട് വേണം നടക്കാന്‍. കാല്‍നടയായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കാണ് പാത അനുഗ്രഹമെങ്കിലും നടക്കാന്‍ പോലും കൊള്ളാത്ത അവസ്ഥയിലാണ് ഇന്നും റോഡ്.