എടക്കരയില്‍ മത്സ്യ-മാംസ കച്ചവടം ഒരു കുടക്കീഴില്‍

Posted on: November 11, 2014 10:41 am | Last updated: November 11, 2014 at 10:41 am

എടക്കര: എടക്കരയില്‍ മത്സ്യ-മാംസ കച്ചവടം ഇനി ഒരു കുടക്കീഴില്‍. പഞ്ചായത്ത് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് മത്സ്യ-മാംസ കച്ചവടം ഒരിടത്തേക്ക് മാറ്റാന്‍ നടപടിയെടുത്തത്.
പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം സ്വകാര്യ മത്സ്യ-മാംസ മാര്‍ക്കറ്റിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കി പ്രവര്‍ത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളോടെയാണ് മാര്‍ക്കറ്റ് തയ്യാറായിട്ടുള്ളത്. മുസ്‌ലിയാരങ്ങാടി, മേനോന്‍പൊട്ടി റോഡ്, പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍, വില്ലേജ് ഓഫീസിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സ്യവും മാംസവും വില്‍പ്പന നടത്തുന്നത്.
അതേ സമയം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കിയതെന്ന് ആരോപിച്ച് കെ പി എം ആശുപത്രി ഉടമ ഡോ.കെ ഹംസ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കിടത്തി ചികിത്സ നടത്തുന്ന ആശുപത്രിയില്‍ നിന്നും പാലിക്കേണ്ട നിശ്ചല അകലം മാര്‍ക്കറ്റിനില്ലെന്നാണ് ചൂണ്ടികാട്ടിയിരുന്നത്. അതേ സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി ലഭിക്കുകയും മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതിന് ശേഷമാണ് ലൈസന്‍സ് നല്‍കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മാര്‍ക്കറ്റിലല്ലാതെ മത്സ്യ-മാംസം വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നത്.