ബസ് കാത്തുനില്‍പ്പ്‌കേന്ദ്രം സ്ഥാപിക്കാന്‍ നടപടിയായില്ല പുലാമന്തോളില്‍ യാത്രക്കാര്‍ ദുരിതത്തില്‍

Posted on: November 11, 2014 10:39 am | Last updated: November 11, 2014 at 10:39 am

കൊളത്തൂര്‍: പുലാമന്തോള്‍ ടൗണില്‍ കൊളത്തൂര്‍-പട്ടാമ്പി റോഡുകളില്‍ ബസ് കാത്തുനില്‍പ്പു കേന്ദ്രമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
കൊളത്തൂര്‍ റോഡില്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് നടുറോഡിലാണ്. ടൗണിലെ പെരിന്തല്‍മണ്ണ റോഡില്‍ പേരിനൊരു ഷെഡ് ഉണ്ടങ്കിലും നാലുപേര്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ ഇടമില്ല. പുലാമന്തോളില്‍ നിന്നും കൊളത്തൂര്‍ മലപ്പുറം ഭാഗങ്ങളിലേക്കും ചെമ്മലശേരി വളപുരം വഴി മൂര്‍ക്കനാട് വെങ്ങാട് ഭാഗങ്ങളിലേക്കും പോകുന്ന നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന ബസ് കാത്തു നില്‍പ്പ് കേന്ദ്രം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണുണ്ടായത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് പുന:സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. മഴയായാലും വെയിലായാലും സഹിക്കുക തന്നെ വഴിയൊള്ളൂ. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ പുലാമന്തോളിലാണ് ഈ ദുരിതം. പട്ടാമ്പി പാലക്കാട് ഭാഗങ്ങളില്‍ നിന്നെത്തുന്ന ദീര്‍ഘ ദൂര യാത്രക്കാരും ഇവിടെയാണ് ബസ് കാത്ത് നില്‍ക്കുന്നത്. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് കാരണം ഇവിടെ നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.