Connect with us

Malappuram

സ്‌കൂളില്‍ ശുദ്ധജലമില്ല; കുട്ടികള്‍ വലയുന്നു

Published

|

Last Updated

മങ്കട: കാലവര്‍ഷം അവസാനിച്ചപ്പോഴേക്കും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് സ്‌കൂള്‍ അധികൃതര്‍. കുട്ടികള്‍ക്ക് ആവശ്യത്തിന് ശുദ്ധജലം ലഭിക്കാതെ പ്രയാസപ്പെടുന്നത് വെള്ളില സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ അവസ്ഥ തുടരുകയാണ്. സ്വന്തമായി ഒരു ഓപ്പണ്‍ കിണറും രണ്ട് കുഴല്‍ കിണറുകളും ഈ സ്‌കൂളിലുണ്ട്. ഇവ മൂന്നും ഉപയോഗ ശൂന്യമാണ്. അടഞ്ഞ പാറയുള്ള ഓപ്പണ്‍ കിണറില്‍ വര്‍ഷകാലത്ത് ഏതാനും മാസമാണ് വെള്ളം ലഭ്യമാവുക. ബാക്കിയുള്ള സമയങ്ങളില്‍ വറ്റിവരണ്ട കിണറില്‍ മാലിന്യം നിറയുന്നത് മൂലം വര്‍ഷകാലങ്ങളില്‍ പോലും ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
ഇതെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണിത്. ഇതിനകത്ത് സ്ഥാപിച്ച കുഴല്‍കിണറും, പുറത്തുള്ള ഹാന്റ് പമ്പും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവ ശരിയാക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതോടെ മങ്കട ഗ്രാമപഞ്ചായത്തിന്റെ കടന്നമണ്ണ ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം ലഭ്യമാക്കി തുടങ്ങിയതാണ്.
എന്നാല്‍ അടിക്കടിയുണ്ടാവുന്ന കേടുപാടുകള്‍ മൂലം വര്‍ഷക്കാലത്ത് പോലും മാസങ്ങളോളം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഈ വര്‍ഷം സ്‌കൂള്‍ തുറന്നത് മുതല്‍ വലിയ സംഖ്യമുടക്കി ടാങ്കില്‍ വെള്ളമെത്തിച്ചാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് കുടിക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, മറ്റും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പി ടി എയുടെയും മറ്റും അഭ്യര്‍ഥന മാനിച്ച് കടന്നമണ്ണ സര്‍വീസ് സഹകരണ ബേങ്കിന്റെ പൊതുനന്മ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇവിടെ പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതിനായി ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ വലിയ കരിങ്കല്‍ പാറകളും, മണ്ണും ഇടകലര്‍ന്ന ഭൂമിയുടെ പ്രദേശമായതിനാല്‍ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിന് സാധ്യമല്ലെന്ന റിപ്പോര്‍ട്ട് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. 300 ഓളം വരുന്ന എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുകയാണിപ്പോള്‍. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് സ്വന്തമായി കുടിവെള്ള പദ്ധതി ആരംഭിക്കേണ്ടതുണ്ട്.
ഇതിനായി സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്ത് കിണര്‍ സ്ഥാപിക്കുന്നതിന് സൗകര്യമായ സ്ഥലവും, പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള വലിയ തുകയും ആവശ്യമായിവരും. പഞ്ചായത്തുകളുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ ഇതിനായി ഫണ്ട് നീക്കിവെക്കുക സാധ്യമല്ല. ആവശ്യമായ സ്ഥലവും, ഫണ്ടും എവിടെ നിന്നും കണ്ടെത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് അധ്യാപകരും, രക്ഷിതാക്കളും.