Kozhikode
ജില്ലയില്‍ കാര്‍ഷിക കര്‍മസേനകള്‍ വ്യാപിപ്പിക്കും: കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കാര്‍ഷിക കര്‍മസേനകള്‍ വ്യാപിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം പരിപാടികള്‍ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത.
കൃഷി വകുപ്പിന്റെയും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക കര്‍മസേനയുടെ ആദ്യ മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയില്‍ തരിശായിക്കിടക്കുന്നതും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നതുമായ സ്ഥലങ്ങളില്‍ കൃഷി നടപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. പദ്ധതിയുടെ വിജയത്തിന് ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായി ഇടപെടണം.
കര്‍മസേനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുള്ള പദ്ധതികള്‍ ഒരാഴ്ചക്കകം തയ്യാറാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം നല്‍കി ഉത്പാദനക്ഷമത ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക കര്‍മസേന രൂപവത്കരിച്ചത്. കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതിയുടെ നിര്‍വഹണച്ചുമതല ഗ്രാമപഞ്ചായത്ത് അസോസിയേഷനാണ്. 2015 മാര്‍ച്ചിനകം 200 കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍മസേന രൂപവത്കരിക്കും. ഉപകരണങ്ങള്‍ക്കും പരിശീലനത്തിനുമുള്ള ഫണ്ട് ലഭ്യമാക്കുന്നത് കൃഷിവകുപ്പാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍പ്പെട്ട കര്‍മസേനയുടെ മേഖലാ യോഗമാണ് നടന്നത്.
കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി മാത്യു അധ്യക്ഷത വഹിച്ചു.