Connect with us

National

ടു ജി: ഡിസംബര്‍ 19ന് അന്തിമവാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ രാജയും കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴിയും മറ്റ് 15 പേരും പ്രതികളായുള്ള 2 ജി സ്‌പെക്ട്രം ഇടപാട് കേസില്‍ ഡിസംബര്‍ 19ന് അന്തിമവാദം കേള്‍ക്കും. പ്രത്യേക സി ബി ഐ ജഡ്ജി ഒ പി സെയ്‌നി മുമ്പാകെയാണ് കേസുള്ളത്.
കേസ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്നതാണെങ്കിലും കൂടുതല്‍ സമയം വേണമെന്ന സി ബി ഐ അഭിഭാഷകന്റെയും പ്രതികളുടെ അഭിഭാഷകന്റേയും അഭ്യര്‍ഥന മാനിച്ചാണ് ഡിസംബര്‍ 19 ലേക്ക് മാറ്റിയത്.
തന്റെ വാദമുഖങ്ങള്‍ മുന്നോട്ട് വെക്കാന്‍ കുറച്ച് കൂടി സമയം അനുവദിക്കണമെന്ന് സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ (എസ് എസ് പി)അനന്ദ് ഗ്രോവര്‍ പറഞ്ഞു.
കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരിക്കെ, എങ്ങനെ കോടതിക്ക് അന്തിമവാദം കേള്‍ക്കാന്‍ കഴിയുമെന്ന് സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിബ് ബല്‍വയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ ആരാഞ്ഞു.
2 ജി സ്‌പെക്ട്രത്തിന് 122 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ രാഷ്ട്ര ഖജനാവിന് 30,984 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സി ബി ഐ ആരോപിച്ചു. ഈ സ്‌പെക്ട്രം വിതരണം 2012 ഫെബ്രുവരി 2ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മുന്‍ മന്ത്രി രാജയും മറ്റ് 16പേരും പ്രതിപ്പട്ടികയിലുള്ള കേസില്‍ തെളിവ് രേഖപ്പെടുത്തല്‍ 2011 നവംബര്‍ 11നാണ് ആരംഭിച്ചത്.
റിലയന്‍സ് എ ഡി എ ജി ചെയര്‍മാന്‍ അനില്‍ അംബാനി, ഭാര്യ ടീന അംബാനി, കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ എന്നിവരടക്കം സി ബി ഐയുടെ 153 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 4,400 പേജുകള്‍ വരും.