ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

Posted on: November 10, 2014 6:30 pm | Last updated: November 10, 2014 at 6:30 pm

ദോഹ:ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകല്‍ക്കായുള്ള പുതിയ മാര്‍ഗരേഖയുടെ കരടിന് മന്ത്രിസഭാ അംഗീകാരം നല്‍കി.ജീവകാരുണ്യരംഗത്തുള്ള സംഘടനകള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്ന രീതിയിലുള്ളതാണ് പുതിയ കരടു നിര്‍ദേശങ്ങള്‍. അതനുസരിച്ച് സ്വകാര്യ ജീവകാരുണ്യസംഘങ്ങള്‍ പേരിനൊപ്പം ഖത്തര്‍ എന്ന് ചേര്‍ക്കുന്നതിനു വിലക്കേര്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഖത്തര്‍ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയങ്ങളുടെ സംയുക്ത യോഗമാണ് കരട് നിയമത്തിന് രൂപം നല്‍കിയത്. ജീവകാരുണ്യ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗവമെന്റിന്റെ ഭാഗത്ത് നിന്നുള്ള കനത്ത നിരീക്ഷണമുണ്ടായിരിക്കും. ഇവിടെ നിന്ന് ഫണ്ട് ശേഖരിക്കാനും വിദേശത്തേക്ക് ഫണ്ട് അയക്കുന്നതിനും ബന്ധപ്പെട്ടവരുടെ അംഗീകാരം നേടിയിരിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും പണമയക്കുന്നതിനും കര്‍ശന നിയമങ്ങള്‍ വിഭാവനം ചെയ്യുന്ന നിയമ നിര്‍ദേശങ്ങളാണ് കരടിലുളളത്.
പുതിയ നിയമപ്രകാരം രാജ്യത്ത് സകാത്ത് ഫണ്ട് ശേഖരിക്കാന്‍ സകാത്ത് ഹൗസിന് മാത്രമാണ് ഇനിമുതല്‍ അംഗീകാരമുണ്ടാവുക. സകാത്ത് വിഹിതം മന്ത്രാലയം നിര്‍ദേശിച്ചതല്ലാത്ത മാര്‍ഗത്തില്‍ ചെലവഴിക്കണമെങ്കില്‍ ഇസ്ലാമിക് കാര്യ വകുപ്പില്‍ നിന്ന് പ്രത്യേകം അനുമതിയും ആവശ്യമായി വരും.
മന്ത്രാലയത്തിന്റെ അറിവോടെയും അനുമതിയോടെയും ചില പ്രത്യേക ഘട്ടങ്ങളില്‍ നിശ്ചിത കാലത്തേക്ക് സകാത്ത് പിരിക്കാന്‍ സകാത്ത് ഫണ്ടിന് സ്വകാര്യ ജീവകാരുണ്യ സംഘടനകള്‍ക്ക് അനുവാദം നല്‍കാമെന്നും പുതിയ കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വിശേഷാല്‍ അനുമതി ആശ്യമാണ്. രാജ്യത്ത് ഏതെങ്കിലും മേഖലയില്‍ നിന്ന് ഫണ്ട് പിരിക്കണമെങ്കിലും ചാരിറ്റി അതോറിറ്റിയില്‍ നിന്നുള്ള അനുമതിയുണ്ടാവണം. അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നത് കുറ്റകരമായിരിക്കും. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകള്‍ ഏതെങ്കിലും വിദേശ രാജ്യത്ത് ബ്രാഞ്ചുകള്‍ തുറക്കുന്നതിന് മുമ്പേ പ്രത്യേകം അനുവാദം വാങ്ങണം. തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലയില്‍ ഖത്തര്‍ സര്‍ക്കാര്‍ മുമ്പോട്ട് വെക്കുന്നത്.പുതിയ നിയമങ്ങളുടെ വെളിച്ചത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും അവയെ നിരീക്ഷിക്കുന്നതിനുമാണ് ചാരിറ്റി അതോറിറ്റിക്ക് രൂപം നല്‍കിയിട്ടുമുണ്ട്.