Connect with us

Malappuram

ഡി സി സി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി

Published

|

Last Updated

മലപ്പുറം: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക് സ്വീകരണം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഡി സി സി ഓഫീസില്‍ വിളിച്ച യോഗം അടിച്ചു പിരിഞ്ഞു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ യോഗത്തിലായിരുന്നു സംഘര്‍ഷം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് വിശദീകരണ നോട്ടീസ് ലഭിച്ച അംഗം പങ്കെടുത്തത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗ ഹാളില്‍ തുടങ്ങിയ അടി ഓഫീസിന്റെ മുറ്റത്തേക്കും റോഡിലേക്കും നീണ്ടു. മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഘട്ടനരംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റമുണ്ടായി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മേല്‍മുറി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി എം ജാഫറിന് കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി വിശദീകരണ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ വീക്ഷണം മുഹമ്മദ് രണ്ട് മാസം മുമ്പ് ഡി സി ഡി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിക്ക് ഇക്കാര്യമുന്നയിച്ച് നല്‍കിയ പരാതി പ്രകാരമായിരുന്നു നടപടി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സ്മൃതി യാത്ര ബഹിഷ്‌കരിച്ചു. മേല്‍മുറിയില്‍ ക്വാറി അനുവദിക്കാനുളള മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരുടെ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യാനുളള പാര്‍ട്ടി തീരുമാനം ലംഘിച്ച് മുസ്‌ലീം ലീഗിന് അനുകൂലമായി വോട്ടുചെയ്തു.
അപവാദങ്ങളും ഭീഷണിയുമുയര്‍ത്തി തനിക്ക് കത്തയച്ചു എന്നിവ ഉന്നയിച്ചാണ് വീക്ഷണം മുഹമ്മദ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. ആരോപണങ്ങള്‍ ജാഫര്‍ നിഷേധിച്ചിരുന്നു. ഇതിനിടയിലായിരുന്നു ഇന്നലെ യോഗം ചേര്‍ന്നത്. ജനപക്ഷയാത്രയ്ക്ക് സ്വീകരണം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മലപ്പുറം മണ്ഡലം കമ്മിറ്റി ചേര്‍ന്നപ്പോഴാണ് പ്രശ്‌നമുണ്ടായത്. യോഗത്തില്‍ പങ്കെടുക്കാന്‍ ജാഫര്‍ എത്തിയത് ചോദ്യം ചെയ്തു. ഇതിനെതിരെ മറ്റൊരു വിഭാഗം രംഗത്തുവന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നേതാക്കള്‍ക്ക് നേരെ കൈയേറ്റമുണ്ടായെങ്കിലും പ്രവര്‍ത്തകര്‍ ഇവരെ സംരക്ഷിക്കുകയായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ തിരിഞ്ഞായിരുന്നു സംഘര്‍ഷം. എന്നാല്‍ മൂന്നാംവാര്‍ഡിലെ പ്രാദേശിക പ്രശ്‌നത്തെച്ചൊല്ലിയാണ് പ്രശ്‌നങ്ങളുണ്ടായതെന്നും ഗ്രൂപ്പുവഴക്കുമായി ബന്ധമില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.