ന്യൂനപക്ഷ പ്രമോട്ടര്‍ തസ്തിക നിര്‍ത്തലാക്കാന്‍ നീക്കം

Posted on: November 10, 2014 5:25 am | Last updated: November 9, 2014 at 11:26 pm

പാലക്കാട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാട്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിക്ക് തടസ്സമാകുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് 2013 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിച്ചിരുന്നത്. പാലോളി കമ്മിറ്റി നിര്‍ദേശമനുസരിച്ചാണ് ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിച്ചത്. പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പുരോഗതിയും ഉണ്ടാക്കി. ന്യൂനപക്ഷ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ന്യൂനപക്ഷ വിഭാഗങ്ങളിലെത്തിക്കുക എന്നതാണ് പ്രമോട്ടര്‍മാരുടെ ചുമതല. ഇവരുടെ പ്രവര്‍ത്തനം മൂലം കേന്ദ്ര ന്യൂനപക്ഷ ഫണ്ട് വിനിയോഗത്തില്‍ 16ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം മൂലമാണ് മദ്‌റസാ അധ്യാപകരുടെ ക്ഷേമപെന്‍ഷന്‍കൃത്യമായി നടപ്പാക്കിയത്. ഇതില്‍ പ്രമോട്ടര്‍മാര്‍ പുതുതായി പതിനായിരത്തിലധികം ആളുകളെയാണ് ചേര്‍ത്തത് ഈ പദ്ധതിക്കാണ് സര്‍ക്കാര്‍ തുരങ്കം വെക്കുന്നത്. യു ഡി എഫിലെ ചിലരുടെ എതിര്‍പ്പും, സര്‍ക്കാറിനുതനെ പദ്ധതിയോടുള്ള താത്പര്യ കുറവുമാണ് പദ്ധതി അവസാനിപ്പിക്കാന്‍ കാരണം. ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ന്യൂനപക്ഷങ്ങള്‍ നിലവില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാകും. ഇത്തരമൊരു സാഹചര്യത്തില്‍ പ്രമോട്ടര്‍മാരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ കമ്മീഷനും ആവശ്യപ്പെടുന്നു. പ്രമോട്ടര്‍ മാരുടെ തസ്തിക നിര്‍ത്തുന്നതിന്റെ ഭാഗമായി ആനുകൂല്യങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 1000 പ്രമോട്ടര്‍മാര്‍ക്ക് 4,000 രൂപവീതം ഒരു വര്‍ഷത്തെ ഓണറേറിയം ലഭിക്കാനുമുണ്ട്. പ്രത്യേക അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള 902 പേരാണ് സംസ്ഥാനത്ത് പ്രമോട്ടര്‍ മാരായി പ്രവര്‍ത്തിക്കുന്നത്. 2014 മാര്‍ച്ച് 31 വരെയാണ് ഇവരുടെ കാലാവധി. കാലവധി കഴിഞ്ഞിട്ടും ഇത് വരേ കരാര്‍ പുതുക്കി നല്‍കിയിട്ടുമില്ല. ഇത് മൂലം പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം, ന്യൂനപക്ഷ വിഭാഗത്തിലുള്ളവരുടെ വിവര ശേഖരണം തുടങ്ങിയ ചുമതലകളുണ്ടെങ്കിലും ഇതിനൊന്നും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. എല്ലാമാസവും റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നെങ്കിലും ആറ് മാസം കഴിഞ്ഞാണ് ആദ്യ റിപ്പോര്‍ട്ട് വാങ്ങിയത്. സ്വന്തം പണം മുടക്കിയാണ് പലരും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയത്. എന്നിട്ടും ഇത് വരെ യാതൊരു ആനുകൂല്യവും നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രമോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അറിയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാരുടെ തസ്തിക നിര്‍ത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.