ഒന്നര പതിറ്റാണ്ടിന് ശേഷം മന്ത്രിസഭയില്‍

Posted on: November 10, 2014 5:50 am | Last updated: November 9, 2014 at 10:51 pm

abbas naqviന്യൂഡല്‍ഹി: 15 വര്‍ഷത്തിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുകയാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. നേരത്തെ അടല്‍ ബിഹാരി വാജ്പയി സര്‍ക്കാറില്‍ വിവര, പ്രക്ഷേപണ സഹമന്ത്രിയായിരുന്നു നഖ്‌വി. രണ്ട് തവണ രാജ്യസഭാംഗമായിട്ടുള്ള 57കാരനായ നഖ്‌വി, പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റും ദീര്‍ഘകാലം വക്താവും ആയിരുന്നു.
ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രത്യേകിച്ച് മുസ്‌ലിംകളെ സംബന്ധിച്ച വിഷയങ്ങള്‍ വിശദീകരിക്കാന്‍ നഖ്‌വിയെയാണ് ബി ജെ പി ഉപയോഗിക്കുന്നത്. വിവിധ പാര്‍ലിമെന്ററി കമ്മിറ്റികളില്‍ അംഗമായിട്ടുണ്ട്. രാജ്യസഭയില്‍ ബി ജെ പിയുടെ പ്രധാന പ്രസംഗകനായിരുന്നു. ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നതിലും സംഘാടനത്തിലും സജീവമായി പങ്ക് ചേര്‍ന്നു. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വ്യാപക പ്രചാരണത്തില്‍ പങ്കെടുത്തു.
നിയമവിദ്യാര്‍ഥിയായിരിക്കെ, 1980ല്‍ അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ ജനതാ പാര്‍ട്ടി സെക്കുലറിന്റെ (രാജ് നരെയ്ന്‍) ടിക്കറ്റിലാണ് ആദ്യ മത്സരം. പിന്നീട് 1989ല്‍ അയോധ്യയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചു. 1998ല്‍ രാംപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മന്ത്രിസഭാംഗമാകുകയും ചെയ്തു. വിവര, പ്രക്ഷേപണ വകുപ്പിനൊപ്പം പാര്‍ലിമെന്ററി വകുപ്പിന്റെയും സഹമന്ത്രിയായിരുന്നു. ഹിന്ദുവായ സീമയാണ് ഭാര്യ. ചെറുപ്പകാലത്തെ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് 17 ാം വയസ്സില്‍ മിസ നിയമപ്രകാരം നൈനി സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതാവായിരുന്നു. വിവിധ സാമൂഹിക, സാംസ്‌കാരിക, അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ആശാരിമാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിദൂര ഗ്രാമങ്ങളിലെ കലയെയും സാഹിത്യത്തെയും സംബന്ധിച്ച് അവബോധം ഉണ്ടാക്കുക എന്നിവയും നഖ്‌വിയുടെ കര്‍മമണ്ഡലങ്ങളായിരുന്നു. സ്യാഹ് (1991), ദാംഗ (1998), വൈശാലി (2007) എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.