യാസര്‍ അറഫാത്ത് ഓര്‍മയായിട്ട് പത്താണ്ട് തികയുന്നു

Posted on: November 10, 2014 5:07 am | Last updated: November 9, 2014 at 10:09 pm

arafathജറൂസലം: ഫലസ്തീനികളുടെ സ്വതന്ത രാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച യാസര്‍ അറഫാത്ത് ഓര്‍മയായിട്ട് പത്ത് വര്‍ഷമാകുന്നു. യാസര്‍ അറഫാത്ത് മരിച്ച് പത്ത് വര്‍ഷം തികഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം ഫലസ്തീനികള്‍ക്കിടിയില്‍ നിലനില്‍ക്കുന്നതായി നിരവധി ജൂതന്‍മാര്‍ കരുതുന്നു. ചിലര്‍ അദ്ദേഹത്തെ ഭീകരവാദിയായി വ്യാഖ്യാനിക്കുമ്പോള്‍ സമാധാന ഉടമ്പടികളിലൂടെ ജൂതരോട് മൃദുസമീപനം കാണിച്ച വ്യക്തിയെന്ന് മറ്റു ചിലരും വ്യാഖ്യാനിക്കുന്നു. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഫലസ്തീനികള്‍ക്ക് പോരാട്ടത്തിനുള്ള ഊര്‍ജം നല്‍കിയതും ഇദ്ദേഹമാണെന്ന് വിശ്വാസിക്കുന്നവരാണ് ഭൂരിഭാഗം ജൂതരുമെന്ന് തെല്‍ അവീവ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഡയറക്ടര്‍ അനത് കുര്‍സ് പറയുന്നു. അതേസമയം, ജൂതരുടെ അഭിപ്രായത്തില്‍ നിന്ന് വിഭിന്നമായി, അദ്ദേഹം മഹാനായ നേതാവായിരുന്നുവെന്നും മധ്യപൗരസ്ത്യ ദേശത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ഫലസ്തീനികളുടെ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രവര്‍ത്തിച്ചുവെന്നും അനത് കൂര്‍സ് ചൂണ്ടിക്കാട്ടി. യാസര്‍ അറഫാത്തിനെ കുറിച്ച് നെഗറ്റീവായി ചിന്തിക്കാത്ത അപൂര്‍വം ജൂതന്‍മാരില്‍ പെട്ട വ്യക്തിയാണ് താനെന്നും അദ്ദേഹം വിപ്പവത്തിന്റെ കൊടിയടയാളമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.