ഒബാമയുടെ തോല്‍വിയും ഖാംനഈക്കുള്ള കത്തും

Posted on: November 10, 2014 5:13 am | Last updated: November 9, 2014 at 7:24 pm

താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനാണ്, തുടങ്ങാനല്ല എന്നായിരുന്നു ആദ്യ ഊഴത്തില്‍ സ്ഥാനമേറ്റശേഷം യു എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. ഇത്രയും കാലം കണ്ട അമേരിക്കയല്ല, ഇനി കാണാനിരിക്കുന്നതെന്ന് അദ്ദേഹം മനോഹരമായി സമര്‍ഥിച്ചു. നല്ല പ്രസംഗപാടവമുള്ളത് കൊണ്ട് സംവാദങ്ങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റും പേമാരിയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇറാഖില്‍ ഇടപെട്ടത് തെറ്റായിപ്പോയി. അഫ്ഗാന്റെ വിധി അവിടുത്തെ ജനതക്ക് വിട്ടുകൊടുക്കണം. ഗ്വാണ്ടനാമോ അടച്ചു പൂട്ടണം. ഫലസ്തീനിന് സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശമുണ്ട്. അധികാരം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് അമേരിക്ക ലോകത്തെ കീഴടക്കേണ്ടത്. ഇസ്‌റാഈല്‍ നയത്തില്‍ മാറ്റം വേണം. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിന്ന് രക്ഷിക്കുകയെന്നതാണ് ഭീകരവാദത്തെ ചെറുക്കാനുള്ള യഥാര്‍ഥ വഴി. ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കും. ഇങ്ങനെ പോകുന്നു, വ്യത്യസ്തനായ പ്രസിഡന്റായിരിക്കും താനെന്ന് തെളിയിക്കാന്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍. ഇന്ന് രണ്ടാമൂഴത്തിന്റെ പകുതിയില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രതീക്ഷാ നിര്‍ഭരമായ ആ പ്രഖ്യാപനങ്ങളൊന്നും അന്തരീക്ഷത്തില്‍ ഇല്ല.
കൂടുതല്‍ അപകടകരമായ അമേരിക്കയാണ് ഇന്നുള്ളത്. മനുഷ്യരെ വംശീയമായും മതപരമായും സാമ്പത്തികമായും വിഭജിച്ച് സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കുന്ന അമേരിക്ക. ഇടക്കാല തിരഞ്ഞെടുപ്പില്‍ വന്‍ തിരിടച്ചടിയാണ് ഒബാമ ഏറ്റുവാങ്ങിയത്. സെനറ്റിലും ജനപ്രതിനിധി സഭയിലും അദ്ദേഹത്തിന്റെ പാര്‍ട്ടി ന്യൂനപക്ഷമായി. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇരു സഭകളിലും ഭൂരിപക്ഷമില്ലാതിരിക്കെ യുദ്ധോത്സുകതയുടെ അപ്പോസ്തലന്‍മാരായ റിപ്പബ്ലിക്കന്‍മാരോട് സഹായം തേടേണ്ട ഗതികേടിലെത്തി നില്‍ക്കുന്നു ഒബാമ. ദ്വിപാര്‍ട്ടി സമ്പ്രദായത്തലെ പരിമിതമായ ‘ചെക്ക്‌സ് ആന്‍ഡ് ബാലന്‍സ്’ പോലും അസ്തമിച്ച അവസ്ഥ. ഭൂരിപക്ഷമുള്ളപ്പോള്‍ തന്നെ പറഞ്ഞ വാക്ക് പാലിക്കാന്‍ ശ്രമിക്കാത്ത ഒബാമക്ക് ഇനി ആഗ്രഹിച്ചാല്‍ പോലും അതിന് സാധിക്കില്ല. ഒബാമ കെയര്‍ പോലുള്ള ജനപ്രിയ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവരും. ആയുധ ലോബിക്കും ജൂതലോബിക്കും കൂടുതല്‍ വഴിപ്പെടേണ്ടി വരും. അമേരിക്കന്‍ അപ്രമാദിത്വം കാത്തു സൂക്ഷിക്കാന്‍ കൂടുതല്‍ അക്രമാസക്തമായ തീരുമാനങ്ങള്‍ കൈകൊള്ളേണ്ടി വരികയും ചെയ്യും. അമേരിക്കക്ക് ചുറ്റും കറങ്ങുന്ന ആധുനിക ലോകത്ത് ജീവിക്കുന്ന ഓരോ മനുഷ്യനും ആശങ്ക പകരുന്നതാണ് ഈ സാഹചര്യങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് ഒബാമ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈക്ക് എഴുതിയ കത്ത് പ്രസക്തവും അപകടകരവുമാകുന്നത്.
ഇറാഖിലും സിറിയയിലും നിരവധി പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞ ഇസില്‍ സംഘത്തെ നേരിടാന്‍ ഇറാന്റെ സഹായം തേടിയാണ് ഖാംനഈക്ക് ഒബാമ രഹസ്യ കത്തെഴുതിയത്. വാള്‍സ്ട്രീറ്റ് ജേണലാണ് കത്ത് വാര്‍ത്ത പുറത്ത് വിട്ടത്. കത്ത് സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. രണ്ട് നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റ് എന്നാണ് വൈറ്റ് ഹൗസ് ചോദിക്കുന്നത്. എന്നാല്‍ പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കെയിനും ലിന്‍ഡ്‌സെ ഗ്രഹാമും ശക്തമായ ഭാഷയില്‍ ഒബാമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കയാണ്. ആണവ പ്രശ്‌നത്തിലടക്കം അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും വിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുന്ന ഇറാന്റെ സഹായം തേടുന്നത് ഭീരുത്വമാണെന്നും ശത്രുക്കള്‍ക്ക് ശക്തി പകരാനേ ഇത് ഉപകരിക്കൂവെന്നും അവര്‍ പറയുന്നു.
സത്യത്തില്‍ കൊടുക്കല്‍ വാങ്ങല്‍ നയമാണ് അമേരിക്കയും ഇറാനും പുറത്തെടുക്കുന്നത്. ആണവ പ്രശ്‌നത്തില്‍ ഈ മാസം അവസാനത്തോടെ ഇറാനും അമേരിക്കയടക്കുമുള്ള ആറ് രാഷ്ട്ര സമിതിയും കരാറിലെത്താനിരിക്കയാണ്. ഈ കരാര്‍ ഇറാന് അനുകൂലമാക്കി കൊടുക്കാമെന്ന് ഒബാമ വാഗ്ദാനം ചെയ്തിട്ടുണ്ട്. സിറിയയിലെ ബശര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ സംരക്ഷിച്ച് നിര്‍ത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടാകും. പകരം അമേരിക്ക ചോദിക്കുന്നത് ഇസില്‍ ദൗത്യത്തില്‍ ഇറാന്റെ നേരിട്ടുള്ള പങ്കാളിത്തമാണ്. അമേരിക്ക സ്വയം വളര്‍ത്തിയെടുത്ത സായുധ സംഘമാണ് ഇസില്‍ എന്ന് ഇന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ വംശീയ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. യുദ്ധം അവസാനിപ്പിക്കാനിറങ്ങിയ പ്രസിഡന്റിന് പുതിയ യുദ്ധമുഖം തുറക്കാനും ആയുധ കച്ചവടം തകൃതിയാക്കാനും ഇസില്‍ സംഘം കുറച്ചൊന്നുമല്ല അമേരിക്കയെ ‘സഹായിക്കുന്നത്’. ഇത് മനസ്സിലാക്കി ഇസില്‍ സംഘത്തിനെതിരെ ഇറാഖില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുന്ന സ്ഥിതി രൂപപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു ഐക്യ നിര അമേരിക്ക ഇഷ്ടപ്പെടുന്നില്ല. പകരം ശിയാ- സുന്നി ഏറ്റുമുട്ടലായി ഇത് നിലനില്‍ക്കണം. ഇറാനെ കളത്തിലിറക്കുക വഴി ഈ വിഭജനം ശക്തമാക്കാനാകുമെന്ന് അമേരിക്കക്ക് അറിയാം.
ശൈഥില്യത്തില്‍ നിന്നാണ് സാമ്രാജ്യത്വം എക്കാലത്തും ശക്തി സംഭരിച്ചിട്ടുള്ളത്. ശിയാ രാഷ്ട്രീയ നേതൃത്വം ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഈ ശിഥിലീകരണത്തില്‍ പങ്കാളിയായിട്ടുണ്ട്. സ്വന്തം നാട്ടില്‍ തോറ്റമ്പി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഇറാന്‍ കത്ത് ഇത്തരമൊരു പങ്കാളിത്ത രാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രമാണ്.