Connect with us

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; പെരിയാര്‍ കടുവാ സങ്കേതം ഭീഷണിയില്‍

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാകുന്നു. ജലനിരപ്പ് 138.8 അടിയായതോടെ കടുവാ സങ്കേതത്തിന് കീഴിലെ 200 ഹെക്ടര്‍ സംരക്ഷിതവനം വെള്ളത്തിനടിയിലായി. പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ടെങ്കിലും തമിഴ്‌നാട് കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് സെക്കന്‍ഡില്‍ 400 ഘനയടിയായി കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 140 അടിയെങ്കിലും ആക്കി നിലനിര്‍ത്തി അണക്കെട്ടിന് ഭീഷണിയില്ലെന്ന് തെളിയിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
വന്യമൃഗങ്ങളും വനസസ്യങ്ങളും വംശനാശ ഭീഷണി നേരിടുമ്പോള്‍ നിസ്സഹായരാകുകയാണ് വനംവകുപ്പും സംസ്ഥാന സര്‍ക്കാരും. വന വിഭവങ്ങള്‍ മാത്രമല്ല, വന്യജീവികളുടെ ആവാസ വ്യവസ്ഥ കൂടി തകിടം മറിയുകയാണ്. തേക്കടി ജലാശയത്തിന്റെ തീരം വെള്ളത്തിലായതോടെ മൃഗങ്ങളെല്ലാം ഉള്‍വനത്തിലേക്ക് പിന്‍വാങ്ങി. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സങ്കേതമെന്നതിനു പുറമെ ഔഷധ സസ്യങ്ങളുടെ കലവറകൂടിയാണ് മുല്ലപ്പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന 5,500 ഹെക്ടര്‍ വനപ്രദേശം.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയിലെത്തിയാല്‍ ഇതില്‍ 568 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാകും. ഇതില്‍ 108 ഹെക്ടര്‍ നിത്യഹരിത വനങ്ങളാണ്. ശേഷിക്കുന്നവ അര്‍ധ നിത്യഹരിത വനങ്ങളും പുല്‍മേടുകളും. നിലവില്‍ 200 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാണ്. കടുവകള്‍ക്ക് പുറമേ വരയാട്, സിംഹവാലന്‍ കുരങ്ങ് തുടങ്ങീ 550ലേറെ മൃഗങ്ങളുടെയും രണ്ടായിരത്തിലേറെ അപൂര്‍വയിനം സസ്യങ്ങളുടെയും വാസസ്ഥലമാണിവിടം. ജലനിരപ്പുയരുന്നതോടെ ഈ വനസമ്പത്തിന്റെ സിംഹഭാഗവും നാശത്തിലാകും. ജലനിരപ്പുയര്‍ത്തിയാല്‍ കേന്ദ്ര വനസംരക്ഷണ നിയമം, കേന്ദ്ര വനാവകാശ നിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാകുമെന്ന് ചൂണ്ടികാട്ടിയാണ് ആദ്യമൊക്കെ കേരളം തമിഴ്‌നാടിനെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ടിരുന്നത്.