അഗ്നി രണ്ട് പരീക്ഷണം വിജയകരം

Posted on: November 9, 2014 11:00 pm | Last updated: November 9, 2014 at 11:00 pm

agni 2ഭുവനേശ്വര്‍: ആണവായുധ വാഹകശേഷിയുള്ള അഗ്‌നി രണ്ട് ഭൂതല മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ വീലര്‍ ദ്വീപില്‍ നിന്ന് രാവിലെ 9.40നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. 600 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച മിസൈല്‍ മുന്‍ നിശ്ചയിച്ച പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. മുമ്പേ തന്നെ സൈന്യത്തിന് കൈമാറിയിട്ടുള്ള മിസൈല്‍ സൈന്യത്തിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വിക്ഷേപിച്ചത്. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവന്നതാണ് ഈ മിസൈല്‍. ഒരു പതിവ് പരീക്ഷണം മാത്രമാണെന്ന് പ്രതിരോധ ഗവേഷണ വികസന സമിതി (ഡി ആര്‍ ഡി ഒ) വൃത്തങ്ങള്‍ അറിയിച്ചു. ഡി ആര്‍ ഡി ഒ ഡയറക്ടര്‍ ജനറല്‍ വി ജെ ശേരന്‍, ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഡയറക്ടര്‍ എം വി കെ വി പ്രസാദ്, പ്രൊജക്ട് ഡയറക്ടര്‍ ലക്ഷ്മീനാരായണ തുടങ്ങിയവര്‍ വിക്ഷേപണ സമയത്ത് സന്നിഹിതരായിരുന്നു.
ഇരുപത് മീറ്റര്‍ നീളമുള്ള ബാലിസ്റ്റിക് മിസൈലിന് 17 ടണ്‍ ഭാരമാണുള്ളത്. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. അഗ്‌നി പരമ്പരയിലെ രണ്ടാമത്തെ മിസൈലാണിത്. അഗ്‌നി ഒന്നിന് 700 കിലോമീറ്റര്‍ ദൂരപരിധിയും അഗ്‌നി മൂന്നിന് 3000 കിലോമീറ്ററും അഗ്‌നി നാലിന് 4000 കിലോമീറ്ററുമാണ് ദൂരപരിധി. അഗ്‌നി അഞ്ചിന് 5000 കിലോമീറ്റര്‍ വരെ കടന്നുകയറി ആക്രമണം നടത്താന്‍ കഴിയും.