Connect with us

National

പരീക്കറിന് ജന്‍മദിന സമ്മാനം നേരത്തെ

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത മാസം 13 ാം തീയതി 59 ാം ജന്‍മദിനം ആഘോഷിക്കുന്ന മനോഹര്‍ പരീക്കറിന് ജന്‍മദിന സമ്മാനം ഒരു മാസം മുമ്പെ ലഭിച്ചിരിക്കുകയാണ്; കേന്ദ്ര മന്ത്രി സ്ഥാനത്തിന്റെ രൂപത്തില്‍. ഭരണരംഗത്ത് കുശാഗ്രബുദ്ധിയുടെയും മികച്ച പ്രതിച്ഛായയുടെയും ഉടമയാണ് പരീക്കര്‍. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ 21ഉം പിടിച്ചടക്കി ഭരണം നേടാനും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ഇടയാക്കിയത് പരീക്കറിന്റെ നേതൃത്വമായിരുന്നു.
മോദിയുടെയും ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെയും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മോദിയെ നായകനാക്കാന്‍ ശക്തമായി വാദിച്ചവരില്‍ ഒരാളായിരുന്നു. അതിന്റെ ഉപകാരസ്മരണയാണ് കേന്ദ്ര മന്ത്രിസ്ഥാനം. പ്രധാനമന്ത്രി ആയ ഉടനെ ഗോവയില്‍ സന്ദര്‍ശിച്ചപ്പോള്‍, പരീക്കറിനെ പ്രശംസ കൊണ്ട് മൂടിയിരുന്നു മോദി.
1994ല്‍ പനാജിയില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നാല് തവണ തുടര്‍ച്ചയായി പനാജിയില്‍ നിന്ന് സഭയിലെത്തി. ഐ ഐ ടിയിലെ പൂര്‍വവിദ്യാര്‍ഥിയായ പരീക്കര്‍ 2000ലാണ് മുഖ്യമന്ത്രിയായത്. പിന്തുണ പിന്‍വലിച്ച് ഫ്രാന്‍സിസ്‌കോ സര്‍ദിന സര്‍ക്കാറിനെ താഴെയിട്ടായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍, 2002 ഫെബ്രുവരി 27ന് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭ പിരിച്ചുവിട്ടു. ചില എം എല്‍ എമാര്‍ സര്‍ക്കാറിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നീക്കമുണ്ടായത്. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി. ചെറു കക്ഷികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചു. 2005 ജനുവരിയില്‍ സ്വന്തം പാര്‍ട്ടിയിലെ അഞ്ച് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ച് സര്‍ക്കാറിനെ ന്യൂനപക്ഷമാക്കി. അവിശ്വാസ വോട്ടെടുപ്പില്‍ സഭ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഉപമുഖ്യമന്ത്രി ഫിലിപ് നേരി റോഡ്രിഗസിനെ ബലം പ്രയോഗിച്ച് പുറത്താക്കി, ഗവര്‍ണര്‍ എസ് സി ജമീര്‍ പരീക്കര്‍ സര്‍ക്കാറിനെ പിരിച്ചുവിടുകയായിരുന്നു. 2007ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത പരാജയം സമ്മാനിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറി. എന്നാല്‍ 2012ല്‍ പരീക്കറിനൊപ്പമായിരുന്നു ഗോവ. ജന സമ്പര്‍ക്ക യാത്രയിലൂടെ മുന്നില്‍ നിന്ന് നയിച്ചാണ് പരീക്കര്‍ അധികാരത്തിലേറിയത്.

Latest