സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം : കോ-ഓഡിനേഷന്‍ കമ്മിറ്റി

Posted on: November 9, 2014 7:01 am | Last updated: November 9, 2014 at 1:01 pm

കല്‍പ്പറ്റ : ജില്ലയിലെ പ്രൈവറ്റ് ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ ജില്ലാഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സ്വകാര്യബസ് സര്‍വീസ് മേഖല കടുത്തപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ലാഭകരമായ റൂട്ടുകളില്‍ കുത്തക അവകാശം സ്ഥാപിച്ചിരിക്കുന്ന കെഎസ്ആര്‍ടിസി ഗ്രാമീണ മേഖലയെ പാടെ തഴഞ്ഞിരിക്കുന്നു.
ലാഭമോ നഷ്ടമോ എന്ന് നോക്കാതെ എല്ലാ റൂട്ടിലും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നേരിടുന്ന വെല്ലുവിളി പാരലല്‍ സര്‍വീസാണ്. ഇത് സംബന്ധിച്ച് നിരന്തരം പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടിയില്ല. ന്യായമായ കാരണങ്ങള്‍ പോലും ബോധ്യപ്പെടുത്താതെ ആര്‍ടിഒ, പോലീസ് അധികാരികള്‍ പിഴ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. നടുറോഡില്‍ തടഞ്ഞുനിര്‍ത്തി തൊഴിലാളികലെ അവഹേളിക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയും തുടരുകയാണ്.
ഡ്രൈവറുടെ വീഴ്ച്ചമൂലമല്ലാതെയുണ്ടാകുന്ന അപകടങ്ങളില്‍ ഏകപക്ഷീയമായ നടപടിയാണ് പോലീസ് അധികാരികള്‍ സ്വീകരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ സംവിധാനമുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയുള്ള പോലീസ് നടപടി തൊഴിലാളി വിരുദ്ധമാണെന്നും മേല്‍പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ജില്ലാ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍, ജില്ലാ പോലീസ് ചീഫ്, ആര്‍ടിഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുംപരിഹാരമുണ്ടാവാത്ത സാഹചര്യത്തില്‍ നവംബര്‍ 11ന് ബസുടമകളും തൊഴിലാളികളും സംയുക്തമായി കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.