Connect with us

National

ബംഗ്ലാ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന; അസമില്‍ യുവതി അറസ്റ്റില്‍

Published

|

Last Updated

ഗുവാഹത്തി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയെ വധിച്ച് ഭരണ അട്ടിമറി ശ്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 36കാരിയെ അസം പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശില്‍ നേരത്തെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ജമാഅതുല്‍ മുജാഹിദീന്‍ എന്ന സംഘനയുടെ ഹസീനയെ വധിക്കാനുള്ള പദ്ധതി പൊളിച്ചതായി ദിവസങ്ങള്‍ക്ക് മുമ്പ് അസം പോലീസ് അധികൃതര്‍ അറിയിച്ചിരുന്നു.
ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയെയും വധിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഒരു പതിറ്റാണ്ടായി ഹസീനയും സിയയുമാണ് ബംഗ്ലാദേശിനെ മാറിമാറി ഭരിക്കുന്നത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ആയുധം ശേഖരിച്ചുവെന്ന കുറ്റവും സ്ത്രീക്കെതിരെ ചുമത്തിയതായി എ ഡി ജി പി പല്ലബ് ഭട്ടാചാര്യ പറഞ്ഞു. സേനയിലെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് യൂനിറ്റാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ഒരു വീട്ടില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി സംഘത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെയാണ് വധശ്രമ ഗൂഢാലോചന പുറത്തുവന്നത്. ബംഗ്ലാദേശികളാണ് തീവ്രവാദികളെന്നും ഇന്ത്യയില്‍ സുരക്ഷിത കേന്ദ്രമൊരുക്കി ആക്രമിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് 1971ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം മൂന്ന് പ്രധാന സൈനിക അട്ടിമറികളും ഇരുപത്തഞ്ചോളം ചെറു കലാപങ്ങളും ബംഗ്ലാദേശിലുണ്ടായിട്ടുണ്ട്.

Latest