കോര്‍പറേഷന്‍ ബി ഒ ടി വ്യവസ്ഥയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കും

Posted on: November 8, 2014 11:23 pm | Last updated: November 8, 2014 at 11:23 pm

കൊല്ലം: നഗര ശുചിത്വം ഉറപ്പാക്കുന്നതിന് കൊല്ലം കോര്‍പറേഷന്‍ ആറ് കേന്ദ്രങ്ങളില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കുന്നു. കടപ്പാക്കട മാര്‍ക്കറ്റ്, മൂന്നാംകുറ്റി, ചിന്നക്കട മാര്‍ക്കറ്റ്, മുളങ്കാടകം സ്‌കൂള്‍ പരിസരം, രാമന്‍കുളങ്ങര മാര്‍ക്കറ്റ്, കാവനാട് മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. കേരളത്തിലുടനീളം ശൗചാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സുലഭ് ഇന്റര്‍നാഷനല്‍ എന്ന സ്വകാര്യ സ്ഥാപനം ഇത് സംബന്ധിച്ച് പദ്ധതി രേഖ കോര്‍പറേഷന് സമര്‍പ്പിച്ചിട്ടുണ്ട്.

കോര്‍പറേഷന്‍ ശൗചാലയം നിര്‍മിക്കുന്നതിനുള്ള സ്ഥലം നല്‍കണം. ഒപ്പം പ്ലാന്‍ അംഗീകരിച്ച് വൈദ്യുതി, ജലവിതരണസംവിധാനങ്ങള്‍ നല്‍കണം. കോര്‍പറേഷന്‍ സ്ഥലം അനുവദിക്കുന്ന സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കും. മൂപ്പത് വര്‍ഷത്തിന് ശേഷം ഇവ കോര്‍പറേഷന് കൈമാറും എന്ന വ്യവസ്ഥയാണ് സുലഭ് ഇന്റര്‍നാഷനല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. മൂത്രവിസര്‍ജനത്തിന് രണ്ട് രൂപയും കക്കൂസ് ഉപയോഗിക്കുന്നതിന് അഞ്ച് രൂപയും കുളിക്കുന്നതിന് 10 രൂപയുമാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുക. 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ഇവിടെ സൗജന്യമായിരിക്കും. കോര്‍പറേഷന്റെയും സ്ഥാപനത്തിന്റെയും തീരുമാനപ്രകാരം വര്‍ഷാവര്‍ഷം ഈ നിരക്കുകളില്‍ വ്യത്യാസം വരുത്തുകയും ചെയ്യാം. അതേസമയം സ്വകാര്യ വ്യക്തികള്‍ക്ക് മൂപ്പത് വര്‍ഷക്കാലത്തേക്ക് കോര്‍പറേഷന്‍ വക ഭൂമി വിട്ട് നല്‍കാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം അജന്‍ഡയായി വന്നപ്പോള്‍ വിയോജനക്കുറിപ്പ് നല്‍കിയെന്നും അത് പരിഗണിക്കാതെ ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതെന്ന ആരോപണവുമായി കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ സി വി അനില്‍കുമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ വിയോജനക്കുറിപ്പിന്റെ കാര്യം മറച്ച് വെച്ച് സുലഭ് ഇന്റര്‍നാഷനലിന് ശൗചാലയ നിര്‍മാണ മേല്‍നോട്ടച്ചുമതലകള്‍ നല്‍കുന്നത് സംബന്ധിച്ച അജന്‍ഡ കഴിഞ്ഞ മാസം 31ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് അനില്‍കുമാറിന്റെ ആരോപണം.
ശൗചാലയ നിര്‍മാണത്തിന് 30 വര്‍ഷത്തേക്ക് ഭൂമി വിട്ട് നല്‍കിയാല്‍ കോര്‍പറേഷന് വരുമാനം ഒന്നും ഉണ്ടാകില്ലെന്നതാണ് വസ്തുത. ആറ് ശൗചാലയങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം 30 സെന്റ് വസ്തുവാണ് കോര്‍പറേഷന് വിട്ട് നല്‍കേണ്ടി വരിക. അതേസമയം ഈ ശൗചാലയങ്ങള്‍ കോര്‍പറേഷന്‍ തന്നെ നിര്‍മിച്ചാല്‍ വന്‍ വരുമാനം ലഭ്യമാകുകയും ചെയ്യും. ഇതിന് തെളിവായി ഇപ്പോള്‍ കോര്‍പറേഷന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയങ്ങള്‍ തന്നെയുണ്ട്.
ചിന്നക്കട, കടപ്പാക്കട, ആണ്ടാമുക്കം, മുളങ്കാടകം, കാവനാട് എന്നിവിടങ്ങളിലെ ശൗചാലയങ്ങളില്‍ നിന്ന് ആറ് ലക്ഷത്തിലധികം രൂപ കോര്‍പറേഷന് ലഭിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ കോര്‍പറേഷന്‍ പരിധിയില്‍ത്തന്നെയുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാകുന്ന തരത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ച് പരസ്യലേലം വഴി നടത്തിപ്പ് ചുമതല നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. പോളയത്തോട് സുലഭ് ഇന്റര്‍നാഷനലിന് സ്ഥലം നല്‍കി ശൗചാലയം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിന്ന് കോര്‍പറേഷന് വരുമാനം ഒന്നും ലഭിക്കുന്നില്ല.