കൂണ്‍കൃഷിയില്‍ ഹൈ-ടെക് ഗ്രാമമാകാന്‍ എടക്കര പഞ്ചായത്ത്‌

Posted on: November 8, 2014 10:57 am | Last updated: November 8, 2014 at 10:57 am

മലപ്പുറം: എടക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ ഹൈ-ടെക് കൂണ്‍ ഗ്രാമമാകാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം പത്തിന് കൃഷി മന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ മഷ്‌റൂം റിസര്‍ച്ച് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഹൈ-ടെക് സാങ്കേതിക വിദ്യയില്‍ കൂണ്‍കൃഷി നടത്തുന്നത്. കുടുംബശ്രീയുടെ സബ്‌സിഡി ലഭ്യമാക്കി ബേങ്ക് ലോണിന്റെ സഹായത്തോടെയാണ് അംഗങ്ങള്‍ യൂനിറ്റ് തുടങ്ങുക. അഞ്ച് പേരടങ്ങുന്ന കുടുംബശ്രീ അംഗങ്ങളാണ് ഓരോ യൂനിറ്റിലും ഉണ്ടാകുക. അറുപത് ദിവസം കൊണ്ട് 500 കിലോ ഉത്പാദനം ലക്ഷ്യം വെച്ച് 20 യൂനിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുന്നത്.
പാകമായ കൂണ്‍ വിവിധ ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുന്നതാനായി സമൃദ്ധി ചാരിറ്റബിള്‍ സൊസൈറ്റി എന്ന ഫാം ഹൗസും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂണ്‍ ഗ്രാമം പദ്ധതിയിലൂടെ 110 വനിതകള്‍ക്ക് സ്വയം തൊഴില്‍ ലഭിക്കും. പന്ത്രണ്ട് ദിവസം മുതല്‍ 27 ദിവസം വരെയുള്ള കാലയളവില്‍ പാകമാകുന്ന എട്ട് ഇനം കൂണുകളാണ് കൃഷി ചെയ്യുക. ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ്, വൈസ് പ്രസിഡന്റ് സെറീന മുഹമ്മദലി, എ ഡി എം. സി നാസര്‍, ബശീര്‍, ആര്‍ ജയകുമാരന്‍ നായര്‍, കബീര്‍ പനോളി, ടി പി അശ്‌റഫലി, ബേബി ശാലിനി, ഷാജു എന്നിവര്‍ പങ്കെടുത്തു.