Connect with us

Malappuram

ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

തിരൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ട് നല്‍കിയവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വല്ലാര്‍പാടം-കോഴിക്കോട് തീരദേശ ഇടനാഴി ഒന്നാംഘട്ട ഉദ്ഘാടനം പറവണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാറില്‍ നിന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയല്ല ഭൂമി ലഭിക്കുന്നതിലുള്ള കാലതാമസമാണ് പ്രശ്‌നം. ഭൂമി കിട്ടുന്നതിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും വികസനങ്ങള്‍ക്ക് തടസമാകുന്നത്. തീരദേശ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്ത് വികസന രംഗത്ത് വലിയ കുതിപ്പേകുമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തീരദേശ ഇടനാഴിയുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുര്‍റബ്ബ് മുഖ്യാതിഥിയായി. വല്ലാര്‍പാടം – കോഴിക്കോട് തീരദേശ ഇടനാഴി 2000 കോടി ചെലവിലാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. 4.5 കിലോമീറ്ററില്‍ 21.13 കോടിയാണ് ആദ്യ ഘട്ട നിര്‍മാണത്തിന് ചെലവഴിച്ചത്.
18 ബസ് ബേകളും 1.5 മീറ്ററില്‍ ടൈല്‍ വിരിച്ച നടപ്പാതകളും ബസ് ഷെല്‍ട്ടറുകളും നിര്‍മിച്ചിട്ടുണ്ട്. ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എ മാരായ സി മമ്മൂട്ടി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ല കുട്ടി എന്നിവര്‍ സംസാരിച്ചു.