സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിലും ചോക്കാട്ടെ കോണ്‍ഗ്രസ് തര്‍ക്കം നിഴലിച്ചു; നേതൃത്വത്തിന് തലവേദന

Posted on: November 8, 2014 10:43 am | Last updated: November 8, 2014 at 10:43 am

കാളികാവ്: ഈ മാസം 16 ന് നടക്കുന്ന കാളികാവ് സര്‍വീസ് സഹകര ബേങ്ക് തിരഞ്ഞെടുപ്പിലും ചോക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസിലുള്ള തര്‍ക്കം പ്രകടമായതോടെ യു ഡി എഫ് പാനലിന് പുറത്തും കോണ്‍ഗ്രസുകാരായ മത്സരാര്‍ഥികള്‍ രംഗത്ത്.
യു ഡി എഫിലെ നിലവിലെ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ചോക്കാട് മണ്ഡലം നേതാക്കളായ ചൂരപ്പിലാന്‍ ഷൗക്കത്ത്, പുലത്ത് ഉണ്ണ്യാലിക്കുട്ടി വെടിവെച്ചപാറ എന്നിവരും കോണ്‍ഗ്രസ് അനുഭാവിയായ വലിയപീടിയേക്കല്‍ മുഹമ്മദ് കോയ മാളിയേക്കലുമാണ് മത്സര രംഗത്തുളളത്.
ഇവര്‍ യു ഡി എഫ് പാനലില്‍ ഉള്‍പ്പെടുന്നില്ലെന്ന് യു ഡിഎഫ്് പ്രാദേശിക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാളികാവ്, ചോക്കാട് പഞ്ചായത്ത് പരിധികളുള്ള കാളികാവ് സര്‍വീസ് സഹകരണ ബേങ്കിലേക്ക് ചോക്കാട് മണ്ഡലം കമ്മിറ്റി പ്രതിനിധിയായി ചൂരപ്പിലാന്‍ ഷൗക്കത്തിനെയാണ് നിര്‍ദേശിച്ചിരുന്നതെന്നും മറ്റുകാര്യങ്ങള്‍ തനിക്കറിയില്ലെന്നുമാണ് മണ്ഡലം പ്രസിഡന്റ് മധുജോസഫ് ഇതേകുറിച്ച്് പറഞ്ഞത്.
ഇതോടെ യു ഡി എഫിന് വ്യക്തമായ മേല്‍ക്കൈ ഉള്ള ബേങ്കിലേക്ക് ചോക്കാട് നിന്നും കോണ്‍ഗ്രസിന് മത്സരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയായി. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും വനിതാ സംവരണത്തിലൂടെ നിലവിലെ ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മാ മാത്യു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്്. പൂവറമ്പന്‍ ഹസീന, കെ ഫാത്തിമ സുഹ്‌റ, ജാഫര്‍ പൂങ്ങോട്, ശങ്കരന്‍ പുല്ലാനി എന്നിവരാണ് വിവിധ സംവരണങ്ങളിലൂടെ കാളികാവ് ചോക്കാട് പഞ്ചായത്തുകളില്‍നിന്നും ബേങ്ക്് ഭരണ സമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
അവശേഷിക്കുന്ന എട്ട് സീറ്റുകളിലേക്ക്്് കോണ്‍ഗ്രസില്‍നിന്നും എന്‍ മൂസ, ടി സി കോയക്കുട്ടി തങ്ങള്‍, കെ വി ഹരീഷ് എന്നിവരും ലീഗില്‍നിന്നും ഇ പി യൂസഫ്ഹാജി, മുസലിയാരകത്ത്് ഹമീദ്, വി പി എ നാസര്‍, കുട്ടിമമ്മദ്, ഇസ്ഹാഖ് ചോക്കാട് എന്നിവരാണ് മത്സരത്തിന് യു ഡി എഫ് സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്. ഇക്കാര്യം അറിയിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്‍ മൂസ, ശിഹാബ് കുട്ടശ്ശേരി, കെ കെ കുഞ്ഞാന്‍, ഇ പി യൂസഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
അതേസമയം, ഈ മാസം 10 ന് ചോക്കാട്ടെ പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ പശ്ചാതലത്തില്‍ കാളികാവ് ബേങ്ക് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനലിന് പുറത്ത് മത്സര രംഗത്തുള്ളവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കമുള്ളതായാണ് സൂചന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞിട്ടുണ്ട്. ഇതോടെ പിണങ്ങി നില്‍ക്കുന്നവരുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കാനാണ് നീക്കം.