ഗാസാ ആക്രമണം: ഇസ്‌റാഈലിനെ ന്യായീകരിച്ച് യു എസ് ജനറല്‍

Posted on: November 8, 2014 12:42 am | Last updated: November 8, 2014 at 12:42 am

martin dempsyവാഷിംഗ്ടണ്‍/ടെല്‍ അവീവ്: ഗാസാ ആക്രമണത്തില്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ഗാസാ ആക്രമണ ഘട്ടത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് തടയാന്‍ ഇസ്‌റാഈല്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് യു എസ് സംയുക്ത സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡംപ്‌സിയുടെ ക്ലീന്‍ ചിറ്റ്.
50 ദിവസത്തെ ഗാസാ ആക്രമണത്തിനിടെ സിവിലിയന്‍മാര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് ഒഴിവാക്കാന്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന ശ്രമിച്ചില്ലെന്ന് പറയാനാകില്ല. ഇസ്‌റാഈല്‍ സൈനികര്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പാലിച്ചിരുന്നു- ഡംപ്‌സി ന്യൂയോര്‍ക്കിലെ ഒരു ചടങ്ങില്‍ പറഞ്ഞു.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ വൈറ്റ് ഹൗസ് തന്നെ അപലപിച്ചിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം 2100 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു എന്‍ കണക്ക്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.
പരുക്കേറ്റവരില്‍ ഭൂരിഭാഗവും മരണവുമായി മല്ലിടുകയാണ്. യു എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തെ കടുത്ത യുദ്ധക്കുറ്റമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അതിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതില്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്‌റാഈല്‍ കാണിച്ചതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും വ്യക്തമാക്കിയിരുന്നു.
‘നിങ്ങളുടെ ശത്രു വിവേചനരഹിതമാകുമ്പോള്‍ നിങ്ങള്‍ക്ക് മാത്രമായി സൂക്ഷ്മത പാലിക്കാനാകില്ലെ’ന്ന് ഡംപ്‌സി പറഞ്ഞു. സിവിലിയന്‍ മരണങ്ങള്‍ ദുഃഖകരം തന്നെയാണ്. പക്ഷേ ഐ ഡി എഫ് അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. ഗാസക്ക് തലങ്ങും വിലങ്ങും തുരങ്കങ്ങള്‍ പണിത് ഹമാസ് തന്നെയാണ് ആ പ്രദേശത്തെ അപകടകരമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസിന്റെ തന്ത്രങ്ങളാണ് ഇസ്‌റാഈല്‍ സേനയെ കൂടുതല്‍ അപകടകാരികള്‍ ആക്കിയത്. തീവ്രവാദികള്‍ താമസിക്കുന്ന ഒളിത്താവളങ്ങളിലാണ് സേന ആക്രമണം നടത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു.