ഗാസയില്‍ ഫതഹ് നേതാക്കള്‍ക്കെതിരെ സ്‌ഫോടനം

Posted on: November 8, 2014 12:02 am | Last updated: November 8, 2014 at 12:41 am

ഗാസ: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് പാര്‍ട്ടിയുടെ നേതാക്കളുടെ വീടുകള്‍ക്ക് നേരെ സ്‌ഫോടന പരമ്പര. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഹമാസ് ഭൂരിപക്ഷ മേഖലയിലുള്ള ഫത്ഹ് നേതാക്കളുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹമാസും ഫത്ഹും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു.
ഇന്നലെ രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. തുടരെയുണ്ടായ സ്‌ഫോടനങ്ങളില്‍ തന്റെ കാറും മറ്റ് രണ്ട് ഫത്ഹ് നേതാക്കളുടെ വീടും കാറും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്ന് ഗാസയിലെ ജബലിയ്യ അഭയാര്‍ഥി ക്യാമ്പിലുള്ള ഫത്ഹ് നേതാവ് ഫൈസ് അബു ഇത്ത പറഞ്ഞു.
2007ല്‍ ഫത്ഹിനെ തോല്‍പ്പിച്ച് ഹമാസ് വിജയിച്ചത് മുതലാണ് ഗാസ മുനമ്പ് ഹമാസിന്റെ നിയന്ത്രണത്തിലായത്. ഈയിടെ ഇരുപക്ഷവും അനുരഞ്ജനത്തിന് തയ്യാറായെങ്കിലും ഇരുപക്ഷവും തമ്മില്‍ ശക്തമായ വിഭാഗീയ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഹമാസാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അബു ഇത്ത പറഞ്ഞു. ഹമാസും ഫതഹും തമ്മില്‍ ഒപ്പു വെച്ച അധികാര വിഭജന കരാര്‍ ഇരു പക്ഷവും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനത്തിന് വഴി തുറന്നിരുന്നു. ഇതിന്റെ പിറകേ സ്വീഡന്‍ അടക്കമൂള്ള കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ചരിത്രപരമായ ഈ ഐക്യം തകര്‍ക്കാനുള്ള ശ്രമമാകാം സ്‌ഫോടനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.