നളന്ദ സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാന്‍ ഇന്ത്യ-ഭൂട്ടാന്‍ കരാര്‍

Posted on: November 8, 2014 12:02 am | Last updated: November 8, 2014 at 12:36 am

തിംഫു: നളന്ദ സര്‍വകലാശാലയെ ബീഹാറിലെ അന്താരാഷ്ട്ര മികവിന്റെ കേന്ദ്രമാക്കാന്‍ ഇന്ത്യയും ഭൂട്ടാനും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എം ഒ യുവില്‍ ഒപ്പു വെച്ചത്. നളന്ദ സര്‍വകലാശാലയുടെ മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യാല്‍ വാംഗ്ചുക്കുമായി പ്രണാബ് മുഖര്‍ജി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗും ഭൂട്ടാന്‍ വിദേശകാര്യ സെക്രട്ടറി യേശി ദോര്‍ജിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ബീഹാറിലെ രാജ്ഗീറില്‍ സ്ഥാപിച്ച സര്‍വകാലാശാലയില്‍ നിന്ന് ബിരുദവും ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ഭൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നളന്ദയില്‍ പഠിക്കാന്‍ വിസ നല്‍കുന്നതിനും ഭൂട്ടാനില്‍ നിന്നുള്ള അധ്യാപകര്‍ക്ക് നളന്ദയിലെത്താനുള്ള സൗകര്യമൊരുക്കാനും ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ട്.