Connect with us

Articles

മതികെട്ടാന്‍ മലയിറങ്ങി ഒരാള്‍ ബാറിലെത്തുമ്പോള്‍

Published

|

Last Updated

രാഷ്ട്രീയക്കാര്‍ക്ക് മദ്യം വെറും ലഹരിയല്ല, കണക്ക് പിഴച്ചാല്‍ ചിലപ്പോഴത് കൈ പൊള്ളിക്കുമെന്നതിന് തെളിവുകളേറെ. നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതും ഇത് തന്നെ. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം മദ്യവിരോധികളാകും. എന്ന് കരുതി മദ്യവ്യവസായികളോട് അവര്‍ക്ക് അയിത്തമില്ല. മദ്യനിരോധം പ്രായോഗികമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന് പ്രധാന പാര്‍ട്ടികളെ കൊണ്ട് നിലപാടെടുപ്പിക്കുന്നതിന് പിന്നിലും മദ്യപാനികളോടുള്ള സ്‌നേഹമല്ല, മദ്യദുരന്തമുണ്ടാകുമെന്ന ഭീതിയുമല്ല. മറിച്ച്, മദ്യം നിരോധിച്ചാല്‍ ഇരിക്കും കൊമ്പ് മുറിക്കുകയാണെന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം ഭയപ്പെടുന്നു. അത്രമേല്‍ ഇഴയടുപ്പമുണ്ട്, മദ്യരാജാക്കന്‍മാരുമായി കേരളത്തിലെ പാര്‍ട്ടികള്‍ക്ക്. പ്രധാന പാര്‍ട്ടികളുടെയെല്ലാം മുഖ്യവരുമാന സ്രോതസ്സ് മദ്യം തന്നെയാണ്. ഈ വരുമാനമാകട്ടെ തീര്‍ത്തും അനൗദ്യോഗികവും. നേതൃതലങ്ങളിലുള്ളവരുടെ സ്വകാര്യ വളര്‍ച്ചക്ക് പിന്നില്‍ മദ്യമുതലാളിമാര്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. “മദ്യലോബി”യെന്നൊരു സമൂഹം കേരളത്തില്‍ വളര്‍ന്നത് രാഷ്ട്രീയനേതൃത്വങ്ങളുടെ തണലിലായിരുന്നു. എത്രവേണമെങ്കിലും നികുതി കൂട്ടി സര്‍ക്കാര്‍ ഖജനാവ് നിറ/റക്കാം. സംഭാവനയോ തിരഞ്ഞെടുപ്പ് ഫണ്ടോ എന്ത് പേരിയാലും പാര്‍ട്ടിയുടെ ഖജനാവും നിറയ്ക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഒരു നേരത്തെ ലഹരിക്ക് വേണ്ടി, ജീവിതം തകര്‍ക്കുന്ന മദ്യപാനികളുടെ അക്കൗണ്ടില്‍ മുതലാളിമാരും രാഷ്ട്രീയക്കാരും ഒരുപോലെ തടിച്ച് കൊഴുത്തു. ഒരു തരം അഡ്ജസ്റ്റ്‌മെന്റാണിത്. പരസ്പര സഹായ സഹകരണ സംഘം.
സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിലൂടെ ഈ ബന്ധത്തിലാണ് വിള്ളല്‍ വീണത്. പാര്‍ട്ടിയിലും മുന്നണിയിലും രൂപപ്പെട്ട വിവാദങ്ങളും പ്രതിച്ഛായാ യുദ്ധവുമാണ് ഇങ്ങനെയൊരു നയത്തിലേക്ക് കാര്യങ്ങളെത്തിച്ചതും. സ്വാഗതാര്‍ഹമായ തീരുമാനം. എന്നാല്‍, ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയെന്ന നയം രൂപപ്പെടുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ നടന്നത് ആര്‍ക്കും മറക്കാനാകില്ല. കോണ്‍ഗ്രസിലും യു ഡി എഫിലും രൂക്ഷമായ ഭിന്നത നിലനിന്ന ഈ ഏറ്റുമുട്ടല്‍ കാലം ചിലര്‍ക്ക് ചാകരയായിരുന്നു. ഈ അവസരം ചിലരെങ്കിലും നന്നായി മുതലെടുത്തു. പുറത്ത് വന്ന വെളിപ്പെടുത്തലുകള്‍ സാക്ഷ്യം പറയുന്നത് ഇതാണ്. തങ്ങളുടെ ബിസിനസ് സാമ്രാജ്യം നഷ്ടപ്പെടുമോയെന്ന ആശങ്ക മദ്യമുതലാളിമാര്‍ക്കിടയില്‍ രൂഢമൂലമായ സാഹചര്യം. കടുത്ത തീരുമാനങ്ങള്‍ ഏത് നിമിഷവും വരാമെന്ന പ്രതീതിയെ ചിലര്‍ നന്നായി ഉപയോഗിക്കുകയായിരുന്നു. പിരിവിന് ഒരു കുറവും വരുത്തിയില്ലെന്ന് ചുരുക്കം. പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിന്റെ മുഖ്യ ഗുണഭോക്താക്കളില്‍ ഒരാള്‍ സാക്ഷാല്‍ കെ എം മാണി തന്നെ. വേറെയും ചിലരുണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. മദ്യമുതലാളിമാരിലെ പ്രമുഖനും ബാര്‍ ഉടമാ അസോസിയേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശ് കൊടുത്തതിന്റെ കണക്കുകള്‍ പുറത്ത് പറയുകയാണ്. ബിസിനസ്സ് നഷ്ടപ്പെടുന്നതിന്റെ നിരാശയില്‍ നിന്നുള്ള ഏറ്റുപറച്ചിലാണിതെന്ന് ഈ വെളിപ്പെടുത്തലിനെ വ്യാഖ്യാനിക്കാം. എങ്കിലും എവിടെയൊക്കെയോ ചില സ്‌പെല്ലിംഗ് മിസ്റ്റേക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കാതിരിക്കാന്‍ തരമില്ല. നിജസ്ഥിതി ബോധ്യപ്പെടേണ്ടത് അന്വേഷണത്തിലാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് അടിസ്ഥാനമാക്കി വിജിലന്‍സ് “ക്വിക്ക് വെരിഫിക്കേഷന്‍” തുടങ്ങിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചവരില്‍ നിന്ന് തെളിവെടുക്കുകയാണ് വിജിലന്‍സ്. കേസ് എടുക്കണോ വേണ്ടയോ എന്നെല്ലാം ഇതിന് ശേഷമാകും തീരുമാനിക്കല്‍. മുന്‍കാല അനുഭവങ്ങളും കീഴ്‌വഴക്കങ്ങളുമനുസരിച്ച് കേസെടുക്കാന്‍ തക്ക വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഇതിനിടെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ബാറുടമകളും പറയുന്നു. എവിടെ ചെന്ന് അവസാനിക്കുമെന്ന് കാത്തിരുന്ന് കാണാം. സത്യം അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ. എല്ലാം ചിരിച്ച് തള്ളുന്ന മാണി, വിമര്‍ശിക്കുന്നവരെ കൈയിലെടുത്ത് കാര്യം നേടുന്ന മാണി എന്തായാലും ഇപ്പോള്‍ പ്രതിരോധത്തില്‍ തന്നെയാണ്. മുറുകുന്ന വിവാദത്തില്‍ മാണി വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നതും നിര്‍ണായകം.
ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളുകയും മന്ത്രിസഭയൊന്നാകെ മാണിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്‌തെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല. കുരുക്ക് മുറുക്കി ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള ശ്രമവും നടക്കുന്നു. മദ്യ മുതലാളിമാരുമായി ഒരു ഒത്തുതീര്‍പ്പിലെത്താതെ സുഗമമായൊരു പര്യവസാനം സാധ്യമാകുമെന്ന വിശ്വാസം സര്‍ക്കാറിനില്ല. മാണിയോടുള്ള “മുഹബ്ബത്ത്” മനസ്സില്‍ കൊണ്ടുനടക്കുന്ന മുഖ്യപ്രതിപക്ഷവും പാര്‍ലമെന്ററി രാഷ്ട്രീയ പാരമ്പര്യത്തില്‍ തുല്ല്യത അവകാശപ്പെടാന്‍ ആരുമില്ലെന്ന “ഇമേജും” മാണിയെ രക്ഷപ്പെടുത്തും. ഇതാണ് മുന്‍കാല അനുഭവങ്ങള്‍.
മുമ്പും മാണി വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. തന്ത്രപരമായ നീക്കങ്ങളിലൂടെ ഇതിലെല്ലാം കൈകഴുകി. മതികെട്ടാന്‍ കൈയേറ്റം വരിഞ്ഞ് മുറുക്കിയപ്പോഴും മുന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ കാലത്ത് സംശയത്തിന്റെ നിഴലില്‍ നിന്നപ്പോഴും ഈ മിടുക്ക് കൊണ്ടാണ് രക്ഷപ്പെട്ടത്. വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തും. അവരെ കൊണ്ട് തന്നെ സ്തുതി പാടുന്നതില്‍ കാര്യങ്ങളെത്തിക്കും. അവിടെയാണ് കെ എം മാണിയുടെ വിജയം. പി സി ജോര്‍ജ്് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ജോര്‍ജിന്റെ കേരളാകോണ്‍ഗ്രസ് സെക്യുലര്‍ മാണിയില്‍ ലയിക്കും വരെ കെ എം മാണിയെന്ന പേര് പോലും ഉച്ചരിക്കില്ലായിരുന്നു ജോര്‍ജ്. “പാല മെംബര്‍” എന്ന് വിളിച്ചായിരുന്നു സംബോധന ചെയ്തിരുന്നത്. “പാല മെംബര്‍”ക്കെതിരെ ജോര്‍ജ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. എല്‍ ഡി എഫില്‍ നിന്ന് ഇറക്കി വിട്ട് ജോര്‍ജ് വഴിയാധാരമായ ഘട്ടത്തില്‍ യു ഡി എഫിലൊരു ഇടം ഉറപ്പിച്ചത് ഇതേ “പാല മെംബറു”ടെ സഹായത്തോടെയായിരുന്നു. ആദ്യം അസോസിയേറ്റ് മെംബറായ ജോര്‍ജ് പിന്നെ മാണിയില്‍ ലയിക്കുന്നതാണ് കണ്ടത്. വാസ്തവത്തില്‍ മാണി ഒരു “ശല്ല്യം” ഒഴിവാക്കുകയായിരുന്നു.
മാണിക്കെതിരെ മുമ്പ് ആരോപണമുയര്‍ന്ന സുപ്രധാനമായൊരു കേസാണ് പാലാഴി ടയേഴ്‌സ് വിവാദം. ടയര്‍ ഫാക്ടറിയുടെ പേരില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക ഓഹരിയായി പിരിച്ചെടുത്ത ശേഷം കമ്പനി പ്രവര്‍ത്തനം തുടങ്ങാതെ പണം ദുര്‍വിനിയോഗം ചെയ്‌തെന്നാണ് പരാതി. ഫാക്ടറി ചെയര്‍മാന്‍ പദവിയിരുന്നത് കെ എം മാണി. പാലാ കീഴതടിയൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ പരാതിയുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി, വിജിലന്‍സ് അന്വേഷണത്തിന് വിട്ടു.
കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം കെ എം മാണി കുറ്റക്കാരനല്ലെന്നാണ് “കണ്ടെത്തി”യത്. റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാലായിലെ വലവൂരില്‍ പാലാഴി ടയര്‍ കമ്പനി സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി 1995-96 കാലഘട്ടത്തില്‍ നൂറ് കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചിരുന്നു. എന്നാല്‍ മറ്റൊരു വന്‍ കമ്പനിയുടെ സമ്മര്‍ദത്തിന് വഴങ്ങി പാലാഴി ടയേഴ്‌സ് സ്ഥാപിക്കുന്നതില്‍ വീഴ്ച വരുത്തിയതു മൂലം നഷ്ടമുണ്ടായെന്നാണ് നിക്ഷേപകരുടെ ആരോപണം. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 50 ലക്ഷം രൂപയും സഹകരണ ബേങ്കുകളില്‍ നിന്ന് 30 ലക്ഷം രൂപ വരെയും അടക്കം അഞ്ച് കോടിയോളം രൂപ ഓഹരിയും നിക്ഷേപവുമായി പിരിച്ചെടുത്തു. വന്‍ തോതില്‍ വിദേശനിക്ഷേപവും സ്വീകരിച്ചു. എന്നാല്‍ ഓഹരി ഉടമകളുടെ യോഗം യഥാസമയം ചേരുകയോ ലാഭവിഹിതം നല്‍കാന്‍ തയ്യാറാകുകയോ ഉണ്ടായില്ല. എന്നാല്‍,സഹകരണ സംഘത്തിന്റെ കീഴില്‍ ടയര്‍ ഫാക്ടറി രൂപവത്കരിച്ചതില്‍ കെ എം മാണി അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് എസ് പി ദേവസ്യയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംസ്ഥാന സഹകരണ ബേങ്ക് 3.93 കോടിയാണ് പാലാഴി ടയേഴ്‌സിന് വായ്പ അനുവദിച്ചത്. എന്നാല്‍ 32.77 ലക്ഷം രൂപ മാത്രമാണ് പിന്‍വലിച്ചത്. ഇതില്‍ നിന്ന് ചെറിയ ഒരു വിഹിതമേ ചെലവഴിച്ചുള്ളൂ.
ഉമ്മന്‍ ചാണ്ടിക്കോ പി കെ കുഞ്ഞാലിക്കുട്ടിക്കോ പിണറായി വിജയന് പോലുമോ ലഭിക്കാത്ത ഒരാനുകൂല്യം ആരോപണങ്ങളില്‍ പെട്ടാല്‍ മാണിക്ക് ലഭിക്കാറുമുണ്ട്. വിമര്‍ശിക്കുന്നവരെ കൈയിലെടുക്കുന്നതില്‍ അസാമാന്യപാടവം കാണിക്കുന്നതില്‍ മിടുക്കനാണ് മാണി. സ്വന്തം മുന്നണി ആയാലും പ്രതിപക്ഷം ആയാലും ഈ മിടുക്ക് കാണിക്കും മാണി. ബദ്ധവൈരികളെകൊണ്ടെല്ലാം “മാണി സാര്‍” എന്ന് വിളിപ്പിക്കുന്നതില്‍ തുടങ്ങുന്നു ഈ മിടുക്ക്.
ഒരുദാഹരണം മാത്രം. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മാണിക്കെതിരെ ഗുരുതരമായ ഒരു ആരോപണം ഉയര്‍ന്നു. സ്പീക്കറുടെ മുന്‍കൂര്‍ അനുമതി തേടി വിഷയം ഉന്നയിച്ചത് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കോഴി വ്യാപാരിയില്‍ നിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് അട്ടിമറിച്ചെന്നായിരുന്നു ആരോപണം. കോഴി വ്യാപാരിയായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് ചുമത്തിയ 65 കോടി രൂപയുടെ നികുതി പിഴ പിരിച്ചെടുക്കുന്നതാണ് അട്ടിമറിച്ചത്. ബിജു രമേശ് ഉന്നയിച്ചത് ഒരു കോടിയുടെ കോഴ ആരോപണമാണെങ്കില്‍ കോഴി നികുതി വെട്ടിപ്പില്‍ അഞ്ച് കോടി രൂപയുടെ കോഴ നടന്നുവെന്നായിരുന്നു ഐസക്കിന്റെ ആരോപണം. മന്ത്രിയെ നേരിട്ട് ആക്രമിച്ചില്ലെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ മന്ത്രിയുടെ പങ്ക് സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
ഈ നികുതി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആവും വിധം ശ്രമം നടന്നതാണ്. എന്നാല്‍, നികുതി വെട്ടിപ്പ് അന്വേഷിച്ച മൂന്നംഗ സമിതിയെ നികുതി കമ്മീഷണര്‍ പോലും അറിയാതെ മൂന്ന് തവണ സ്ഥലം മാറ്റി. സമിതിയെ പുനസ്ഥാപിക്കാന്‍ അന്ന് കമ്മീഷണര്‍ക്ക് ഇടപെടേണ്ടി വന്നു. സമ്മര്‍ധങ്ങളും തടസങ്ങളും അതിജീവിച്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ നികുതി വെട്ടിപ്പുകാര്‍ പല കോടതികളെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കോടതി നിര്‍ദേശിച്ച ആറ് കോടി രൂപ കെട്ടിവെക്കേണ്ടിയും വന്നു. ഇത്രയും നടന്നിട്ടും അട്ടിമറി നടന്നു.
പിഴ ചുമത്തിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഉദ്യോഗസ്ഥനെയും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥനെ രണ്ട് തവണ സ്ഥലം മാറ്റി. പിന്നീട് മന്ത്രിയാപ്പീസില്‍ നിന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നയാളെയാണ് നിയമിച്ചത്. പരാതിയില്‍ വാദം കേട്ട് തൊട്ടടുത്ത ദിവസം നടപടി നീട്ടിവെക്കാന്‍ നിര്‍ദേശിക്കുന്ന നൂറ് പേജുള്ള ഉത്തരവ് ഇറക്കി. പരാതിക്കാരുടെ അഭിഭാഷകന്റെ ഓഫീസിലാണ് ഉത്തരവ് തയ്യാറാക്കിയതെന്ന ഗുരുതരമായ ആരോപണവും ഐസക് ഉന്നയിച്ചു.
ഈ വിധി സ്റ്റേ ചെയ്യാന്‍ വകുപ്പ് തയ്യാറായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷമായി അപ്പീലിന് നടപടികളും സ്വീകരിക്കാതിരുന്നതോടെ കെട്ടിവെച്ച ആറ് കോടി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി. എങ്ങനെയുണ്ട് കാര്യങ്ങള്‍! ഗൗരവം ചോര്‍ന്ന് പോകാതെ തന്നെയാണ് ഐസക് വിഷയം അവതരിപ്പിച്ചത്. ആകാംക്ഷ കൈവിടാതെയാണ് നിയമസഭ കേട്ടിരുന്നതും. മാണിയുടെ മറുപടിയോടെ പിരിമുറുക്കം അയഞ്ഞു. “ഡോക്ടറേ” യെന്ന് രണ്ട് തവണ ഐസക്കിനെ സംബോധന ചെയ്ത് പരമാവധി രംഗം തണുപ്പിച്ചു. സ്റ്റേ പരിപാടി എല്ലാ കാലത്തുമുള്ളതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമഭേദഗതി കൊണ്ടുവരാം. നമുക്ക് യോജിച്ച് നിന്ന് സ്റ്റേറ്റിന്റെ വരുമാന നഷ്ടം ഒഴിവാക്കാം. എങ്ങനെയുണ്ട് മാണിയുടെ നയതന്ത്രം! മല പോലെ വന്നത് എലി പോലെ പോയെന്ന് പറഞ്ഞാല്‍ മതി.
പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് പുതിയ സാഹചര്യങ്ങളും മാണിക്ക് അനുകൂലമാകുന്നുണ്ട്. ബാര്‍ കോഴയില്‍ തെളിവ് നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ് ബാറുടമകള്‍. സര്‍ക്കാറിനെ വീഴ്ത്താനോ മാണിയെ കുടുക്കാനോ ബാറുടമകള്‍ക്ക് താത്പര്യമില്ല. സ്വന്തം ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കണം. അതിന് സന്നദ്ധമായാല്‍ ഏത് ആരോപണവും പിന്‍വലിക്കും. ഏത് കേസും തുമ്പില്ലാതാക്കും. ഇതാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ജനം കാത്തിരിക്കുന്നത്. ജനവികാരം മനസ്സിലാക്കി കൊണ്ടുവന്ന ഒരു നയത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? ബാറുടമകള്‍ക്ക് മുന്നില്‍ മുട്ട് മടക്കുമോ? അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ജനം ഒരിക്കല്‍ കൂടി വിഡ്ഢികളാകും. നമുക്ക് കാത്തിരുന്ന് കാണാം.