ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ് ശാന്തിസ്‌പെഷ്യല്‍ സ്‌കൂളിന്

Posted on: November 7, 2014 6:45 pm | Last updated: November 7, 2014 at 6:45 pm

chirayankeez ansaarഅബുദാബി: നാലാമത് ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ് തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്‌പെഷ്യല്‍ സ്‌കൂളിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുകയെന്ന് ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ ടി എ നാസര്‍, പി കെ ജയരാജന്‍, പുന്നൂസ് ചാക്കോ അറിയിച്ചു.
സാധാരണയില്‍ നിന്നു വ്യത്യസ്തമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അന്‍സാര്‍ സ്മാരക അവാര്‍ഡ് നല്‍കിവരുന്നത്. കഴിഞ്ഞ മൂന്ന് അവാര്‍ഡുകളും അര്‍ഹതപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. നൂറോളം അംഗ വൈകല്യം സംഭവിച്ച നിര്‍ദ്ധനരും നിരാലംബരുമായ കുട്ടികള്‍ പഠിക്കുന്ന, സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായ ബാലകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശാന്തിസ്‌പെഷ്യല്‍ സ്‌കൂള്‍. പതിനഞ്ചോളം അപേക്ഷകളില്‍ നിന്നും പരിശോധിച്ചാണ് ശാന്തിസ്‌പെഷ്യല്‍ സ്‌കൂളിനെ തിരഞ്ഞെടുത്തതെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിദേശ ഇന്ത്യക്കാര്‍ക്ക് നിലനില്‍പും അംഗീകാരവും സ്വായത്തമാക്കുന്നതിന് ദീര്‍ഘകാല ആവശ്യമായ വോട്ടവകാശം നേടിക്കൊടുക്കുവാന്‍ സുപ്രീം കോടതി വരെ വിട്ടു വീഴ്ചയില്ലാതെ നിയമ പോരാട്ടം നടത്തിയ ഡോക്ടര്‍ ശംസീര്‍ വയലിലിനെ ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.