സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മരങ്ങള്‍ നഗരസഭ മുറിച്ചുമാറ്റുന്നു

Posted on: November 7, 2014 6:25 pm | Last updated: November 7, 2014 at 6:25 pm

Abu Dhabi Gardensഅബുദാബി: നഗരത്തിലെ ചില പ്രധാന നിരത്തുകള്‍ക്കരികില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നു. നഗരസഭയുടെ നേതൃത്വത്തിലാണ് മരം മുറി ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ റോഡുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിനാലാണ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
അബുദാബിയിലെ അല്‍ ബുതീന്‍ പ്രദേശത്തെ പ്രധാന നിരത്തുകള്‍ക്കരികിലാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ള മാറിവരുന്ന കാലാവസ്ഥയില്‍, ഗതാഗതത്തിരക്കുള്ള നിരത്തുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണാലുണ്ടാകാനിടയുള്ള അപകടങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനു പുറമെ ചില വലിയ മരങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നോട്ടുള്ള കാഴ്ചക്ക് തടസ്സമാകുന്നതായി ബോധ്യപ്പെട്ടതും മരം മുറിക്കല്‍ നടപടിക്ക് കാരണമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരം മുറിച്ചുമാറ്റുന്ന സ്ഥലങ്ങളില്‍ ഏറെ ഭംഗിയുള്ളതും പരിസ്ഥിതിക്ക് യോജിച്ചതും അപകടരഹിതവുമായ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമെന്നും അബുദാബി നഗരസഭാ അധികൃതര്‍ പറഞ്ഞു. മിക്ക മരങ്ങളുടെയും റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന കൊമ്പുകളാണ് വെട്ടിമാറ്റുന്നത്. ചിലയിടങ്ങളില്‍ മരം മുഴുവനായും മുറിച്ചുമാറ്റുന്നുണ്ട്.