Connect with us

Wayanad

കാട്ടാന ശല്യം: തോട്ടംതൊഴിലാളികള്‍ ടാന്‍ടി മാനേജറെ തടഞ്ഞുവെച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: കാട്ടാന ശല്യം: തോട്ടംതൊഴിലാളികള്‍ കൊളപ്പള്ളി ടാന്‍ടി മാനേജറെ തടഞ്ഞുവെച്ചു. സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് ഇന്നലെ രാവിലെ 8.30 മുതല്‍ ഉക്ക് 1.30വരെ മാനേജറെ തടഞ്ഞുവെച്ചത്. കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് മാനേജറെ തടഞ്ഞത്. കൊളപ്പള്ളി, ടാന്‍ടി, ചേരങ്കോട്, ഏലിയാസ്‌കട, മഴവന്‍ ചേരമ്പാടി, അത്തിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി വന്‍നാശമാണ് വരുത്തുന്നത്. 

കാട്ടാനകള്‍ കൂട്ടമായിയെത്തിയാണ് നാശംവരുത്തുന്നത്. ആനകള്‍ തേയില തോട്ടങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനേജര്‍ക്കും, വനംവകുപ്പിനും പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപി, ചേരമ്പാടി സി ഐ സുബ്രഹ്മണ്യന്‍, ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്‍ എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി.
കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മാനേജറെ വിട്ടയക്കാന്‍ തയ്യാറായത്.