Connect with us

Malappuram

തണല്‍ നഷ്ടപ്പെട്ട കുടുംബത്തിന് തണലൊരുക്കി 'തണല്‍ക്കൂട്ട്' വളണ്ടിയര്‍മാര്‍ മാതൃകയാകുന്നു

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാമ്പസുകള്‍ കേന്ദ്രീരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ക്കൂട്ട് കാമ്പസ് കൂട്ടായ്മ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മിച്ച് തണലൊരുക്കി മാതൃകയാവുന്നു. അരീക്കോട് ഉഗ്രപുരത്ത് വര്‍ഷങ്ങളായി അഞ്ച് സെന്റ് ഭൂമിയില്‍ കാലി തൊഴുത്തിന് സമാനമായ ഷെഡ്ഡില്‍ കഴിഞ്ഞ് കൂടുന്ന തമിഴ്‌നാട്ടു കാരനായ രാജുവിന് അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തണല്‍ക്കൂട്ട് യൂനിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്നത്.
രാജു തമിഴ്‌നാട്ടില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വന്നതാണ്. അരീക്കോട് ഉഗ്രപുരത്ത് നിന്ന് അമ്മാളു അമ്മയെ വിവാഹം കഴിച്ചു.
ഇപ്പോള്‍ ഈ നാട്ടുകാരനായി മാറി. നാല് മക്കളുമായി പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡിലാണ് ഉഗ്രപുരം കാരി പറമ്പില്‍ രാജുവിന്റെ ആറ് അംഗ കുടുംബത്തിന്റെ താമസം. ജോലിക്കിടെ വീണ് പരിക്ക് പറ്റിയ രാജുവിന് പിന്നീട് ജോലി ചെയ്യാന്‍ കഴിയാതെയായി. കുടുംബം പട്ടിണിയിലായപ്പോള്‍ മൂത്ത മകന്‍ രമേഷ് 10 ല്‍ വെച്ച് പഠനം നിര്‍ത്തി, ജോലിക്ക് പോയി. നിര്‍മാണ പ്രവൃത്തികളിലെ ഹെല്‍പറായി ജോലി ചെയ്യുന്ന മൂത്തമകന്‍ കൂലി വേല ചെയ്ത് കുടുംബത്തെ പോറ്റുന്നു.
സമൂഹത്തിന്റെ നോവുകളെ തിരിച്ചറിയാനും അവര്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമങ്ങളിലൂടെ സാമൂഹിക പ്രതിബന്ധത വളര്‍ത്തിയെടുക്കുവാനുമുള്ള തണല്‍ക്കൂട്ടിന്റെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയ അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രാജുവിന്റെ കുടുംബത്തെ രണ്ടും കല്‍പിച്ച് ധൈര്യവും സഹായിക്കുവാന്‍ സേവന സന്നദ്ധതയും ആത്മാര്‍ഥതയും കൈ മുതലാക്കി രംഗത്തിറങ്ങുകയായിരുന്നു. ഒരു വീട് പണിയാന്‍ ലക്ഷങ്ങള്‍ വേണം ഇത്രയുമധികം പണം എവിടുന്ന് കിട്ടും, എന്നൊക്കെ ആലോചിച്ച് നിന്നാല്‍ എവിടെയുമെത്തില്ല. മുതിര്‍ന്നവര്‍ക്ക് പോലും ധൈര്യം വരാത്ത കാര്യത്തിനായി കുട്ടികള്‍ ധൈര്യം സംഭരിച്ച് മുന്നോട്ട് വരികയായിരുന്നു.
അവര്‍ പണം സമാഹരിച്ചു. അധ്യാപകര്‍ ശക്തമായ പിന്തുണ നല്‍കി. തണല്‍ക്കൂട്ട് വളണ്ടിയര്‍മാര്‍ ഒഴിവ് സമയങ്ങളില്‍ വീട് പണിയില്‍ സഹായിച്ചു. 1,80,000 രൂപ ചിലവില്‍ 650 സ്‌ക്വയര്‍ ഫീറ്റില്‍ വീടിന്റെ കോണ്‍ക്രീറ്റ് വരെ പൂര്‍ത്തിയായി. കോണ്‍ക്രീറ്റ് ജോലികള്‍ക്കും കുട്ടികള്‍ നേതൃത്വം നല്‍കി. ബാക്കി പണികള്‍ കൂടി നടത്തി വീട് താമസ യോഗ്യമാക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒന്നര രക്ഷം രൂപയെങ്കിലും ഇനിയും വേണം. ഇത് എവിടുന്ന് കിട്ടും എന്ന ആശങ്ക നിലവിലുണ്ട്. സമൂഹത്തില്‍ ദാരിദ്യത്തിന്റെ തുരുത്തില്‍ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ കണ്ണീര്‍ കണ്ടപ്പോള്‍ മനസ്സിലിഞ്ഞ് അവര്‍ക്ക് തണലൊരുക്കാന്‍ സധൈര്യം മുന്നോട്ട് വന്ന് തണല്‍ക്കുട്ടിന്റെ മിടുക്കരെ സമൂഹം കൈ വിടില്ല എന്ന് തന്നെയാണ് അവരുടെ ആത്മ വിശ്വാസം. ആരെങ്കിലുമൊക്കെ സഹായിക്കാതിരിക്കില്ല എന്ന് അവരുടെ മനസ്സ് അവരോട് മന്ത്രിക്കുന്നു.
വിദ്യാ സമ്പന്നരായ തലമുറയില്‍ സാമൂഹ്യ പ്രതിബദ്ധത കുറയുന്നു വെന്ന് വിലപിക്കുന്ന ഈ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയില്‍ സ്വയം പ്രചോദിതരായി പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് നിര്‍മിച്ച് കൊടുക്കുവാന്‍ മുന്നോട്ട് വന്ന വിദ്യാര്‍ഥികളെ സമൂഹം കൈ വിടരുത്. അവരെ പിന്തുണക്കണം പ്രോത്സാഹിപ്പിക്കണം.
എങ്കിലേ നാളെ ഇത് പോലുള്ള നന്മയുടെ നല്ല വാര്‍ത്തകള്‍ കേമ്പസുകളില്‍ നിന്ന് കേള്‍ക്കാന്‍ അവസരമുണ്ടാവുകയുള്ളു. തണല്‍ക്കൂട്ടിന്റെ സ്‌കൂള്‍ യൂനിറ്റ് ചെയര്‍മാനായ പ്രിന്‍: ടി കെ ബീരാനും അനിമേറ്റര്‍മാരായ എം നൗഷാദ് റഹീമും, എം സന്തോഷ് കുമാറും തണല്‍ക്കൂട്ട് വളണ്ടിയര്‍മാര്‍ക്ക് ശക്തമായ പിന്തുണയും മനോ ധൈര്യവും പകര്‍ന്ന് കൂടെ തന്നെയുണ്ട്. തണല്‍ക്കൂട്ട് യൂണിറ്റ് ഭാരവാഹികളായ പ്രിഫക്റ്റ് നിഥിന്‍, ഡപ്യൂട്ടി പ്രിഫക്റ്റ് സഹ്‌ല ജാസ്മിന്‍, സിക്രട്ടറി ജാസിര്‍, ഡപ്യൂട്ടി സിക്രട്ടറി റീമഷെറിന്‍ ട്രഷറര്‍ അന്‍വര്‍ സലീം എന്നീ വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത ഈ ദൗത്യം പൂര്‍ത്തിയാക്കും എന്ന വാശിയിലാണ്.

 

Latest