Connect with us

Malappuram

വാളക്കുളം തോടിന്റെ ഭിത്തി തകര്‍ന്നു; കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

കോട്ടക്കല്‍: തോടിന്റെ ഭിത്തിയിടിഞ്ഞതിനെ തുടര്‍ന്ന് വാളക്കുളം പാടശേഖരത്തിലെ ഹെക്ടര്‍ കണക്കിന് കൃഷി നശിക്കുന്നു. പലയിടത്തും ഇടിഞ്ഞ് കിടക്കുന്ന തോടിലൂടെയാണ് വെള്ളം പാടത്തേക്ക് കയറുന്നത്. കൂട്ടു കൃഷിയാണ് വാളക്കുളം പാടശേഖരത്തില്‍ നടക്കുന്നത്. പഞ്ചായത്താണ് ഇവര്‍ക്ക് വിത്ത് നല്‍കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ച്ച മുമ്പ് പാകിയിരുന്ന ഞാറ് പൂര്‍ണമായും വെളളം കയറി നശിച്ചിരുന്നു. അവശേഷിച്ചവ നട്ടെങ്കിലും ഇതിലും വെള്ളം കയറി. എടരിക്കോട് തോടിന്റെ ഭാഗങ്ങളാണ് പലയിടങ്ങളിലായി ഇടിഞ്ഞ് കിടക്കുന്നത്. കര്‍ഷകര്‍ക്ക് വിത്ത് നല്‍കുകയല്ലാതെ തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും ഇവര്‍ സ്വീകരിക്കുന്നില്ല. കാലങ്ങളായി ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം.
ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് പലയിടത്തും കര്‍ഷകര്‍ തന്നെ താത്കാലികമായി മരവും ചപ്പുകളും ഉപയോഗിച്ച് തോട് കെട്ടിയിരിക്കുകയാണ്. ഇവ ശക്തമായ മഴപെയ്യുമ്പോള്‍ ഒലിച്ചു പോകുന്ന അവസ്ഥയിലുമാണ്. കാലങ്ങള്‍ക്ക് മുമ്പ് കെട്ടിയ ഭിത്തികളാണ് തോടിന്റെ പലഭാഗങ്ങളിലുമുള്ളത്. ദുര്‍ബലമായതിനെ തുടര്‍ന്നാണ് ഇവ തകര്‍ന്നത്. നൂറുകണക്കിന് ആളുകളാണ് പാടശേഖര സമിതിയില്‍ അംഗങ്ങളായി കൃഷി ഇറക്കിയിരിക്കുന്നത്. ഇടക്കിടക്ക് പെയ്യുന്ന മഴ കര്‍ഷകര്‍ക്ക് ദുരിതമാകുകയാണ്.