സംരക്ഷണ ഭിത്തി തകര്‍ന്നു; കല്ലാമൂല പാലത്തിന് ഭീഷണി

Posted on: November 7, 2014 10:26 am | Last updated: November 7, 2014 at 10:26 am

കാളികാവ്: സംസ്ഥാന പാതയില്‍ കല്ലാമൂല പാലത്തിനോട് ചേര്‍ന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് ഭീഷണിയാവുന്നു. മേല്‍പാലം തുടങ്ങുന്ന ഭാഗത്തായാണ് ഭിത്തിയുടെ കല്ലുകള്‍ ഒന്നായി അടര്‍ന്ന് പുഴയില്‍ വീണിരിക്കുന്നത്. ഇത് ഭാവിയില്‍ മേല്‍പലാത്തിന് തന്ന ഭീഷണിയായി മാറുമെന്നാണ് ആശങ്ക.
ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച കല്ലാമൂല പാലം അടുത്തിടെയാണ് മേല്‍പാലം പുതുക്കി നിര്‍മിക്കുകയും തൂണുകള്‍ ബലം കൂട്ടുകയും ചെയ്തത്. ഇതോടെ പാലം സുരക്ഷിതമായി. എന്നാല്‍ പാലത്തിനടുത്തായുള്ള വലിയ മരങ്ങളുടെ വേരുകള്‍ പടവിന് ഇടയിലേക്കിറങ്ങി ഭിത്തി തകര്‍ന്നതാണ് ഇപ്പോഴത്തെ അപകടാവസ്ഥക്ക് കാരണം. നെല്ലിക്കര മലവാരത്തില്‍നിന്നും ഉത്ഭവിക്കുന്ന ചോക്കാടന്‍ പുഴയില്‍ വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടലും മല വെള്ളപ്പാച്ചിലും പതിവാണ്. ശക്തമായ കുത്തൊഴുക്കുണ്ടാകുന്ന പക്ഷം തകര്‍ന്ന സംരക്ഷണ ഭിത്തിക്ക് കൂടുതല്‍ അപകടം വകുത്തുകയും അത് പാലത്തിന് ഭാവിയില്‍ കൂടുതല്‍ ഭീഷണിയാകുകയും ചെയ്യുമെന്ന് ആശങ്കയണ്ട്.