പുതുവീട്ടില്‍ അന്തിയുറങ്ങാനാകാതെ കുട്ടിപ്പ യാത്രയായി

Posted on: November 7, 2014 12:23 am | Last updated: November 7, 2014 at 10:23 am

കൊളത്തൂര്‍: പുതുവീട്ടില്‍ പൊന്നോമനകളോടൊപ്പം താമസിക്കുക എന്ന സ്വപ്‌നം പൂവണിയാനാകാതെ കുട്ടിപ്പ യാത്രയായി. വീട് പണിക്കിടെ വൈദ്യുതി ആഘാതമേറ്റ് വ്യാഴാഴ്ച്ച മരണപ്പെട്ട വെങ്ങാട് മേല്‍മുറിയിലെ കുന്നത്തൊടി സൈതലവി എന്ന കുട്ടിപ്പയുടെ ആകസ്മിക മരണമാണ് മൂന്ന് കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തെ അനഥമാക്കിയത്.
10 വര്‍ഷത്തോളമായി സൗദിയിലെ ജിദ്ദയില്‍ കര്‍ട്ടണ്‍ നിര്‍മാണ ജോലി ചെയ്തു വരികയായിരുന്ന കുട്ടിപ്പ ഒരുമാസം മുമ്പാണ് 40 ദിവസത്തെ അവധിക്കായി നാട്ടില്‍ വന്നത്. ഗ്രഹപൃവേശനം നിശ്ചയിച്ച വീട്ടില്‍ പണി നടക്കുമ്പോഴാണ് ടൈല്‍ കട്ടറില്‍ നിന്നും വൈദ്യുതി ആഘാതം ഏറ്റത്. മാതാവിന്റെ ആഗ്രഹപ്രകാരം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് പുതിയ വീട്ടിലേക്ക് അടുത്ത ഞായറാഴ്ച്ച താമസം മാറാന്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. സഹോദരനുമൊത്ത് വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണു വൈദ്യുതി ആഘാതമേറ്റത്. നാട്ടിലെ പൊതു ചടങ്ങുകളിലും മറ്റും നിറഞ്ഞ് നിന്നിരുന്ന കുട്ടിപ്പയുടെ വിയോഗം മേല്‍മുറി ഗ്രാമത്തെ ദുഖത്തിലാക്കി. സജീവ സുന്നി പ്രവര്‍ത്തകനായിരുന്നു. എസ് എസ് എഫ് മേല്‍മുറി യൂനിറ്റ് സെക്ര., എസ് വൈ എസ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂത്ത മകന്‍ മുഹമ്മദ് സ്വഫ്‌വാന്‍ വെങ്ങാട് എ എം യു പി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിയാണ്.
നാളെ വൈകീട്ട് നടന്ന അനുസ്മരണ സംഗമം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി ഉദ്ഘാടനം ചെയ്തു. അലി മുസ്‌ലിയാര്‍, പി മുഹമ്മദലി മുസ്‌ലിയാര്‍, എം പി ഹംസ ഹാജി, എ കെ മുഹമ്മദ് ഹാജി, ജുനൈദ് സഖാഫി പ്രസംഗിച്ചു.